Thursday , September 20 2018
Breaking News
Valiyaparamba-Road

ശിലാസ്ഥാപനത്തിലൊതുങ്ങി നീലേശ്വരം വലിയപ്പറമ്പ ടൂറിസം റോഡ്

നീലേശ്വരം: നീലേശ്വരത്തു നിന്നും വലിയപറമ്പിലേക്കു വിഭാവനം ചെയ്ത ടൂറിസം റോഡ് യാഥാര്‍ഥ്യമായില്ല. മലബാര്‍ ടൂറിസം പാക്കേജിലുള്‍പ്പെടുത്തി 2010 ല്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരാണ് ഈ റോഡിന് അനുമതി നല്‍കിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് എം എല്‍ എ ആയിരുന്ന പരേതനായ പള്ളിപ്രം ബാലന്റെ ശ്രമഫലമായായിരുന്നു ഇത്.
2010 ജൂണ്‍ 26 നു അന്നത്തെ ആഭ്യന്തര വിനോദസഞ്ചാരവകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ ഇതിന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു. വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടായിരുന്നു ഈ റോഡ് വിഭാവനം ചെയ്തത്. നീലേശ്വരത്തു നിന്നും കോട്ടപ്പുറം വഴി വലിയപറമ്പിലേക്ക് റോഡ് നിര്‍മിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 13/290 കി.മീറ്റര്‍ റോഡാണ് പദ്ധതിയിലുണ്ടായിരുന്നത്. എന്നാല്‍ കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന്റെ നിര്‍മാണം ഇഴഞ്ഞു നീങ്ങിയതോടെ പ്രസ്തുത റോഡിന്റെ ദിശയും മാറി. അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാന്‍ വലിയപറമ്പില്‍ നിന്നും ഓരിമുക്കു വഴി ചെറുവത്തൂരേക്കു റോഡ് നിര്‍മിക്കുകയായിരുന്നു. വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന പദ്ധതി ഇതിലൂടെ ഇല്ലാതാവുകയായിരുന്നു. നിലവില്‍ കോട്ടപ്പുറം അച്ചാംതുരുത്തി പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ മുന്‍പു വിഭാവനം ചെയ്ത രീതിയില്‍ റോഡ് നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ട്. ഓരിമുക്കില്‍ നിന്നും മടക്കര, കോട്ടപ്പുറം വഴി നീലേശ്വരത്തേക്ക് റോഡ് നിര്‍മിക്കണമെന്നാണ് ആവശ്യം. നിലവില്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കോട്ടപ്പുറം പാലം വരെ വീതിയുള്ള റോഡ് നിലവിലുണ്ട്. അതേസമയം അച്ചാംതുരുത്തി മുതല്‍ മടക്കര വരെയുള്ള റോഡിനു വീതി കുറവാണ്. രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വീതി കുറവായ എരിഞ്ഞിക്കീല്‍ പാലത്തിലൂടെ ഭയത്തോടെയാണ് കടന്നു പോകുന്നതെന്നു യാത്രക്കാര്‍ പറയുന്നു.
നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് ഇതു വഴി ദൂരം കുറവായതുകൊണ്ടുതന്നെ നിരവധി വാഹന ഇതു വഴി കടന്നു പോകാന്‍ തുടങ്ങി. ഇതോടെ അപകട സാധ്യതയും ഏറിയിരിക്കുകയാണ്. ഈ ഭാഗം കൂടി വീതി കൂട്ടി ഗതാഗത യോഗ്യമാക്കിയാല്‍ നീലേശ്വരം വലിയപറമ്പ് റോഡും യാഥാര്‍ഥ്യമാകും.

RANDOM NEWS

accident

ഇരുചക്രവാഹനം ബസ്സിനടിയിലായി; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് സാരമായി പരിക്കേറ്റ സ്‌കൂട്ടിയാത്രക്കാരന്‍ വെള്ളരിക്കുണ്ടിലെ അനീഷിനെ മംഗളൂരു …