Tuesday , August 22 2017
Breaking News
Saudi

മലയാളികള്‍ക്ക് തിരിച്ചടി: സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബുകള്‍ വരുന്നു

കൊച്ചി: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബ് വരുന്നത് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ നീക്കിവയ്ക്കാനും അവര്‍ക്ക് മുന്‍ഗണന നല്‍കാനും തയ്യാറുള്ള കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബ് രൂപവത്കരിക്കുന്നത്.

സൗദിയിലെ നൂറ്റമ്പതോളം പ്രമുഖ കമ്പനികള്‍ ഇതുവരെ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്. മറ്റു കമ്പനികളും താമസിയാതെ ക്ലബ്ബില്‍ അംഗത്വമെടുക്കുന്നതോടെ മലയാളികളടക്കമുള്ളവരുടെ വിദേശികളുടെ ജോലി സാധ്യതയെ ബാധിക്കും. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി സൗദിയിലെ വിദേശ റിക്രൂട്ടിങ്ങില്‍ 30 ശതമാനത്തോളം
കുറവു വന്നതിനു പിന്നാലെയാണ് ക്ലബ്ബ് രൂപവത്കരണവുമായി സര്‍ക്കാര്‍ നിതാഖാതിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്.

സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ നീക്കിവയ്ക്കണമെന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് കമ്പനികളെ ക്ലബ്ബില്‍ ഉള്‍പ്പെടുത്തുന്നത്. .മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്ന പദ്ധതിയില്‍ ക്ലബ്ബുകളില്‍ മൂന്നു തരത്തിലുള്ള അംഗത്വമാണ് കമ്പനികള്‍ക്ക് നല്‍കുന്നത്.

ഇരുപത്തഞ്ചോളം കമ്പനികളെ പ്ലാറ്റിനം അംഗങ്ങളാക്കിയപ്പോള്‍ മുപ്പതോളം കമ്പനികള്‍ക്ക് ഗോള്‍ഡ് മെമ്പര്‍ഷിപ്പാണ് നല്‍കിയിരിക്കുന്നത്. നൂറോളം കമ്പനികളെ സില്‍വര്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ലബ്ബില്‍ അംഗമായ കമ്പനികളിലെ മാനവ വിഭവ ശേഷി വിഭാഗം ജോലി അവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് കൈമാറണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ക്ലബ്ബില്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നതും മാനവ വിഭവശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും. ഇതോടെ കമ്പനിയില്‍ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങളിലെല്ലാം സ്വദേശികളുടെ നിയമനത്തിനായി സര്‍ക്കാറിന് സമ്മര്‍ദം ചെലുത്താനാകുമെന്നാണ് മന്ത്രാലയം കരുതുന്നത്. സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമായതോടെ സൗദിയിലെ വിദേശ റിക്രൂട്ടിങ്ങില്‍ 30 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ അനുപാതമാണിത്. 2015-ല്‍ സൗദിയിലേക്ക് 20 ലക്ഷത്തോളം വിസ അനുവദിച്ചപ്പോള്‍. 2016-ല്‍ 14 ലക്ഷത്തോളം വിസ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിസ അപേക്ഷ ലഭിക്കുമ്പോള്‍ അതേ തൊഴിലിന് സ്വദേശികള്‍ ലഭ്യമാണോയെന്ന് പരിശോധിച്ച ശേഷമാകും അനുവദിക്കുന്നത്. ഈ നടപടി കര്‍ശനമായതോടെയാണ് കഴിഞ്ഞ വര്‍ഷം വിസ അനുവദിക്കുന്നതില്‍ വന്‍ കുറവ് വന്നിരിക്കുന്നത്.

നിതാഖാത് ശക്തമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നതോടെ വിദേശ റിക്രൂട്ട്മെന്റില്‍ ഇനിയും കുറവു വരുമെന്നാണ് കരുതുന്നത്. .

RANDOM NEWS

Hotel

മക്കയില്‍ ഹാജിമാര്‍ തമസിച്ച ഹോട്ടലില്‍ വന്‍ തീപിടിത്തം; ആര്‍ക്കും പരിക്കില്ല

റിയാദ്: ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ താമസിച്ചിരുന്ന മക്കയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം. മക്കയിലെ അസിസിയില്‍ പ്രവര്‍ത്തിക്കുന്ന 15 നിലകളുള്ള ഹോട്ടല്‍ സമുച്ചയത്തിലാണ് …