Thursday , July 18 2019
Breaking News
Roiyad

കൊലപാതകക്കേസില്‍ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: കൊലപാതകക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൗദി രാജകുടുംബാഗത്തിന്റെ വധശിക്ഷ റിയാദില്‍ ബുധനാഴ്ച്ച നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക് ബിന്‍ സൗദ് അല്‍കബീര്‍ രാജകുമാരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സൗദി അറേബ്യ ഭരിക്കുന്ന സൗദ് രാജകുടുംബാംഗമാണ്.
പതിവ് രീതിയിലാണോ വധശിക്ഷ നടപ്പാക്കിയതെന്ന കാര്യം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും തല വെട്ടിയെടുത്ത് കൊണ്ടുള്ള വധശിക്ഷ തന്നെയാണ് രാജകുമാരനും നല്‍കിയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം നടപ്പാക്കാന്‍ ഗവര്‍ണ്‍മെന്റ പ്രതിജ്ഞാബദ്ധരാണെന്നു വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മരുഭൂമിയില്‍ വച്ചു നടക്കുന്ന ഡസേര്‍ട്ട് ക്യാമ്പിനിടെ 2012ലാണ് കൊലപാതകത്തിനിടയാക്കിയ സംഭവം. റിയാദില്‍ വച്ചു നടന്ന ഡസേര്‍ട്ട് ക്യാമ്പിനിടെ സുഹൃത്തായ ആദല്‍ അല്‍ മുഹമ്മദുമായി അല്‍ കബീര്‍ രാജകുമാരന്‍ വാക്ക്‌പ്പോരിലേര്‍പ്പെടുകയും പിന്നീട് തര്‍ക്കം രൂക്ഷമായി ഇരുവരും തമ്മില്‍ വെടിവെപ്പുണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് മരണമുണ്ടായത്. വെടിവെപ്പില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ രാജകുമാരന് 2014 ലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ സുപ്രീം കോടതി വരെ പ്രതിയുടെ കുടുംബം അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും എല്ലാം തള്ളപ്പെട്ടു. തുടര്‍ന്ന് വധശിക്ഷയ്ക്ക് ഭരണകൂടവും അനുമതി നല്‍കിയതോടെയാണ് രാജകുമാരന്റെ മരണശിക്ഷ നടപ്പാക്കിയത്. മുഖം നോക്കാതെ നീതി നടപ്പാക്കുന്നതില്‍ സൗദി രാജകുടുംബം എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതാണ് രാജകുമാരന്റെ വധശിക്ഷയെന്ന് കൊല്ലപ്പെട്ട ആദല്‍ അല്‍ മുഹമ്മദിന്റെ അമ്മാവന്‍ ഒരു അറബ് മാധ്യമത്തോട് പ്രതികരിച്ചു.
ആയിരക്കണക്കിന് അംഗങ്ങളുള്ള സൗദ് കുടുംബത്തിലെ അംഗങ്ങള്‍ വളരെ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടാറ്. 1975ല്‍ അമ്മാവനായ ഫൈസല്‍ രാജാവിനെ വധിച്ച കുറ്റത്തിന് ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദിന് വധശിക്ഷ നല്‍കിയതാണ് ഇത്തരത്തിലുള്ള അവസാനസംഭവം. സൗദ് രാജകുടുംബാഗംങ്ങള്‍ക്ക് മാസം തോറും സ്‌റ്റൈപ്പന്‍ഡുകള്‍ കിട്ടുന്നുണ്ടെങ്കിലും ഏറ്റവും മുതിര്‍ന്ന രാജകുമാരന്‍മാര്‍ക്ക് മാത്രമേ അധികാരസ്ഥാനങ്ങള്‍ ലഭിക്കാറുള്ളൂ. രാജകുടുംബത്തിലെ അപൂര്‍വ്വം ചിലര്‍ മാത്രമാണ് ദേശീയതലത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നത്.
സൗദിയില്‍ ഈ വര്‍ഷം വധശിക്ഷയ്ക്ക് ഇരയാവുന്ന 134ാമത്തെ ആളാണ് അല്‍ കബീര്‍ രാജകുമാരന്‍. ശരീയത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സൗദി അറേബ്യയില്‍ കൊലപാതകം, ലഹരിമരുന്ന് കടത്ത്, മോഷണം, ബലാത്സംഗം, മതനിന്ദ, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെല്ലാം വധശിക്ഷയാണ് നല്‍കുന്നത്. ഈ വര്‍ഷം ജനവരിയില്‍ തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട 47 പേരുടെ വധ ശിക്ഷ ഒരൊറ്റ ദിവസം കൊണ്ടാണ് നടപ്പാക്കിയത്.
2015ല്‍ മാത്രം സൗദിയില്‍ 158 പേരുടെ വധശിക്ഷ നടപ്പാക്കിയെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാനും പാകിസ്താനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. ചൈനയില്‍ ഇതിലേറെ വധശിക്ഷകള്‍ നടക്കുന്നുവെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തില്‍ ചൈന രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനാല്‍ വധിക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല.

RANDOM NEWS

Kasrakot

ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം : അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് അര്‍ഹതക്കുള്ള അംഗീകാരം ; ആസ്‌ക് ജി സി സി

ദുബൈ : സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മോഖലയിലെ അബുദാബിയിലെ കാസര്‍കോട്‌ നിവാസികളുടെ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് അബുദാബി ഹെല്‍ത്ത് …