Tuesday , August 22 2017
Breaking News
Teen-Sex

കൗമാരം സെക്‌സും താല്‍പര്യങ്ങളും

Teen-Sexമധ്യകേരളത്തിലെ ഒരു പ്ലസ് ടു സ്‌കൂളാണ് രംഗം. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ചൂടുപിടിച്ച സംസാരം നടക്കുന്നു. പെണ്‍കുട്ടി ഏതാണ്ട് യാചനാമട്ടിലാണ്. വിഷയമിത്രയേ ഉള്ള!ൂ, തന്റെ കൂട്ടുകാരിക്ക് സ്വന്തമായി ആണ്‍സുഹൃത്തില്ല. അതുകൊണ്ട് അവള്‍ ആകെ വിഷമത്തിലാണ്. ആണ്‍കുട്ടിക്ക് കഴിയുമെങ്കില്‍ കൂട്ടികാരിയുടേയും കൂടി ബോയ്ഫ്രണ്ട് ആകണം. കല്യാണം കഴിക്കുന്നതു തന്നെ മാത്രം മതി. പക്ഷേ, താല്‍ക്കാലത്തേയ്ക്ക് കൂട്ടുകാരിക്ക് ഒരു അഫയര്‍ വേണം.

പിറ്റേന്നു മുതല്‍ രാവിലെ 8.30നുള്ള ക്ലാസ്സില്‍ വരാനാവില്ലെന്നു പറയാനെത്തിയതാണ് ചെറുപ്പക്കാരിയായ ആ അധ്യാപിക. പ്രിന്‍സിപ്പല്‍ കാര്യം ചോദിച്ചപ്പോള്‍ അവര്‍ മടിച്ചു മടിച്ച!ു സൂചിപ്പിച്ച!ു. രാവിലെ ക്ലാസ്സില്‍ കയറിവരുമ്പോള്‍ കാണുന്ന രംഗമത്ര പന്തിയല്ല. കുട്ടികള്‍ കൂട്ടം കൂടിയിരുന്ന് അത് ചെയ്യുന്നു. എല്ലാം മീശമുളച്ച!ു തുടങ്ങിയ ആണ്‍കുട്ടികളല്ലേ, എനിക്കതൊക്കെ കണ്ട് ഷോക്കായി നില്‍ക്കാനേ പറ്റൂ. അതുകൊണ്ട് പുരുഷ അധ്യാപകരോട് ആരോടെങ്കിലും വരാന്‍! പറയണം.

കേരളത്തിന്റെ തെക്കേയറ്റത്തെ ഒരു സ്‌കൂള്‍. ഒരു ക്ലാസിലെ അഞ്ചു പെണ്‍കുട്ടികള്‍ മദ്യപിച്ചെത്തി. അതില്‍ ഒരു കുട്ടിയുടെ അച്ഛന്‍ റിട്ടയര്‍ ചെയ്ത പട്ടാളക്കാരനാണ്. അങ്ങനെയാണ് മദ്യം ലഭിച്ചത്. ഒരു കുപ്പി പെപ്‌സി വാങ്ങി അതില്‍ കലര്‍ത്തിയാണ് കഴിച്ചത്. ക്ലാസ് ടീച്ചര്‍ വിവരം പ്രിന്‍സിപ്പലിനു റിപ്പോര്‍ട്ടു ചെയ്തു. ആകെ പ്രശ്‌നമായി. മാതാപിതാക്കളെത്തി. കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന ഘട്ടമായി. അതോടെ ഒരു പെണ്‍കുട്ടി മുഖത്തടിച്ചതു പോലെ പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് ഇതൊക്കെ ആകാമെങ്കില്‍ ഞങ്ങള്‍ക്കുമായിക്കൂടെ? വൈഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദ ഫണ്‍?

നേരത്തെയെത്തുന്ന കൗമാരം

കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള ചിതറിയ ചില കാഴ്ചകളാണിവ. മനസ്സു പറയുന്ന വഴിയേ സഞ്ചരിക്കുന്ന, എന്തിനും പൊട്ടിത്തെറിക്കുന്ന, ആരെയും കൂസാത്ത, ലൈംഗികത ഉള്‍പ്പെടെയുള്ള എന്തിനേയും രുചിച്ചറിയാന്‍ തിടുക്കപ്പെട്ടുനില്‍ക്കുന്ന കൗമാരമാണ് ഇന്നിന്റേത്. 13 മുതല്‍ 19 വരെയുള്ള പ്രായത്തേയാണ് പണ്ടു കൗമാരമെന്നു വിവക്ഷിച്ചിരുന്നത്. ഇന്നു 10 വയസ്സുള്ള, ബാല്യം താണ്ടിയിട്ടില്ലാത്ത, മീശ മുളയ്ക്കാത്ത കുട്ടികള്‍ പോലും മാനസികമായി ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ ആണ്. ചില കുട്ടികളെങ്കിലും 10 വയസ്സെത്തുമ്പോഴെ ശാരീരികമായും പ്യുബര്‍ട്ടിയിലെത്തുന്നു.

ലൈംഗികതയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാമാന്യത്തില്‍ കവിഞ്ഞ അറിവുണ്ടവര്‍ക്ക്. പണ്ടൊക്കെ ലൈംഗികതയെന്ന പദം പോലും ഉറക്കെ തെളിച്ചു പറയാന്‍ മടിച്ചിരുന്നു. കുട്ടികള്‍ കേള്‍ക്കുമെന്നു പറ!ഞ്ഞ് ലൈംഗികസംബന്ധിയായ കാര്യങ്ങള്‍ പൊതുവില്‍ സംസാരിക്കില്ലായിരുന്നു. ഉമ്മ വച്ചാല്‍ ഗര്‍ഭിന്നിയാകുമോ എന്ന മട്ടിലുള്ള തനി മണ്ടന്‍ സംശയങ്ങളാണ് ഈ കുട്ടികള്‍ക്ക് എന്നു പറഞ്ഞ് ഊറിച്ചിരിച്ചിരുന്നു നമ്മളും. പക്ഷേ വിവരസങ്കേതികതയുടെ മുന്നേറ്റം എല്ലാം മറ്റി മറിച്ചു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അറിയേണ്ടതെന്തും അറിയാം, അറിയണ്ടാത്ത കാര്യങ്ങളും അറിയാം സെക്‌സ് എന്ന് വെറുതെ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ. 10,000ത്തിലേറെ റിസള്‍ട്ടുകള്‍ ലഭിക്കും. അതില്‍ അശ്ലീല ലൈംഗികവിഡിയോകളുണ്ട്, ചിത്രങ്ങളുണ്ട്, രതിവൈകൃതങ്ങളുണ്ട്.

പ്രണയബന്ധങ്ങള്‍ മാറുന്നു

ടിവി തുറന്നാല്‍ അവിടേയും രക്ഷയില്ല. പുതിയ കാലത്തിന്റെ സിനിമകള്‍ പലതും ലഹരിയേയും വിവാഹബാഹ്യബന്ധങ്ങളേയുമൊക്കെ ഹീറോയിസമാക്കി കാട്ടി ആഘോഷിക്കുന്നവയാണ്. കള്ളടിക്കുന്ന, അധ്യാപികയെ പോലും പ്രേമിക്കാന്‍ ധൈര്യപ്പെടുന്ന, അധ്യാപകരെ പരസ്യമായി ധിക്കരിക്കുന്ന പുതിയകാല ഹീറോമാരാണ് അവരുടെ റോള്‍ മോഡല്‍. സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ടോ ബോയ് ഫ്രണ്ടോ ഇല്ലാത്തത് കുറച്ചിലാണെന്നു കരുതുന്ന കുട്ടികളാണ് ഇന്നത്തെ തലമുറയിലേത്. പഴയപോലെ പരിശുദ്ധ പ്രണയങ്ങള്‍ കാണാനേയില്ല. ഒന്നു പോയാല്‍ മറ്റൊന്ന് എന്ന ലാഘവം. മാനസികമായ ഒരു പവിത്രാനുഭൂതിയൊന്നുമല്ല അവര്‍ക്ക് പ്രണയം, അതിലേക്ക് ശാരീരികമാനങ്ങളും കടന്നുവരുന്നു.

മനസ്സിങ്ങനെ മദം പിടിപ്പിക്കുന്ന കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ പഠനത്തില്‍ നിന്നും ഫോക്കസ് മാറുന്നു. കണ്ടു കേട്ട് അറിഞ്ഞവയില്‍ ചിലതെങ്കിലും പരീക്ഷിക്കാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം.

അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇന്നത്തെ കൗമാര പാഠശാലകളില്‍ നടക്കുന്ന പല സംഭങ്ങളും. റാഗിങ്ങെന്നു പറഞ്ഞ് അച്ഛനുമമ്മയും കളിക്കാന്‍ നിര്‍ബന്ധിക്കുക, ടീച്ചറിന്റെ സാരിയൊന്നു തെന്നിമാറി ദൃശ്യമാകുന്ന അടിവയറിനെ മൊബൈലില്‍ പകര്‍ത്തി കൂട്ടം കൂടി കണ്ടു രസിക്കുക, അധ്യാപകരെ പോലും തെറി പറയുക, ഗ്യാങ്ങുകളായി തിരിഞ്ഞ് കഞ്ചാവും മയക്കുമരുന്നുകളും വില്‍പന നടത്തുക. ചെയ്യുന്നതും പറയുന്നതുമായ ഇത്തരം കാര്യങ്ങളെക്കുറിച്ച് യാതൊരു കുറ്റബോധമോ നാണക്കേടോ ഇന്നത്തെ കൗമാരത്തിനില്ല എന്ന് അധ്യാപകരും സ്‌കൂള്‍ കൗണ്‍സിലര്‍ മാരും ഒരേ സ്വരത്തില്‍ പറയുന്നു. ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മ, ജീവിതനൈപുണീശേഷികളുടെ കുറവ്, റിസ്‌ക് എടുക്കാനുള്ള വെമ്പല്‍, ശക്തമായി നോ പറയാന്‍ കഴിയാതെ വരിക, മറ്റു സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദം ഇവയൊക്കെയാണ് കൗമാരത്തിന്റെ പൊതുവായ പ്രശ്‌നങ്ങളെന്നു പറയാം.

മാറുന്ന പെണ്‍കൗമാരം

പണ്ടൊക്കെ തലവേദന ആണ്‍കുട്ടികളായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശ്‌നക്കാരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന് പറയുന്നു മധ്യതിരുവിതാംകൂറിലെ സ്‌കൂളിലെ ഒരു അധ്യാപിക. കൂട്ടം കൂടിയിരുന്ന് ഇക്കിളിപ്പെടുത്തുന്ന വിഡിയോ കണ്ടു രസിച്ചിരുന്ന പെണ്‍കുട്ടികളെ ശാസിക്കാന്‍ വന്ന ടീച്ചറോട് അവര്‍ പറഞ്ഞുഞങ്ങളെ സൂക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം, വ്യക്തിപരമായ കാര്യങ്ങളിലൊന്നും ടീച്ചര്‍ ഇടപെടേണ്ട. ശരീരത്തില്‍ തൊടുന്നതും ഒന്ന് കിസ്സ് ചെയ്യുന്നതുമൊന്നും പ്രശ്‌നമല്ല, അതൊന്നും സെക്‌സ് അല്ല എന്ന് അവര്‍ കരുതുന്നു.

പണ്ടൊക്കെ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ വീട് എന്നായിരുന്നു പെണ്‍കുട്ടികള്‍ക്ക്. എന്നാല്‍ ഇന്ന് നേരം ഇരുട്ടിയാലും നെറ്റ് കഫേയിലും കോഫി ഷോപ്പിലുമൊക്ക കയറിയിറങ്ങി നടക്കുന്ന കുട്ടികളില്‍ പെണ്‍കുട്ടികളുമുണ്ട്. കാലം നന്നല്ല എന്നൊക്കെ പറഞ്ഞാലും വരുന്നിടത്തു വച്ചു കാണാമെന്ന ഒരു മട്ടാണവര്‍ക്ക്. ആര്‍ത്തവദിനങ്ങളില്‍ കൃത്യമായി പാഡു കൊണ്ടു വരുന്നതില്‍ പോലുമുണ്ട് അലസതയും ശ്രദ്ധക്കുറവും.

അധ്യാപകരുടെ വേവലാതി

ഈ പുതിയ കൗമാരത്തെ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകരും പരാജയപ്പെടുന്നതായാണ് കൗമാര കൗണ്‍സിലര്‍മാരും മനശ്ശാസ്ത്രവിദഗ്ധരും പറയുന്നത്. രണ്ടു തരം മൂല്യബോധവും ധാര്‍മികതയുമാണ് സ്‌കൂളുകളിലുള്ളത്. ആണും പെണ്ണും പരസ്പരം മിണ്ടുന്നതു പോലും ആശാസ്യമല്ലാതിരുന്ന, താരമ്യേന ഇടുങ്ങിയ സദാചാരബോധങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു തലമുറയിലുള്ളവരാണ് മിക്ക അധ്യാപകരും. ആണ്‍പെണ്‍ സൗഹൃദങ്ങളിലും സെക്‌സിലും വളരെ തുറന്ന കാഴ്ചപ്പാടുള്ള തലമുറയിലെയാണ് കുട്ടികള്‍.

ഈ തലമു!റകളിലെ വിടവ് അവരുടെ പരസ്പരമുള്ള ഇടപെടലുകളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്കു ലഭിക്കുന്ന വിശാല അവസരങ്ങളില്‍ ലേശം അസൂയ കലര്‍ന്ന ഈര്‍ഷ്യയും ചിലരിലെങ്കിലും കാണുന്നു.

മധ്യതിരുവിതാംകൂറിലെ ഒരു സ്‌കൂളില്‍ നടന്ന ഒരു സംഭവം കേള്‍ക്കൂ. പ്ലസ് ടു ക്ലാസിലെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും നല്ല സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഏറെ നേരം ഒരുമിച്ചിരുന്നു സംസാരിക്കുന്നതും ചിരിക്കുന്നതുമൊന്നും ക്ലാസ് ടീച്ചറിന് ഇഷ്ടമായില്ല. അവര്‍ ഈ കുട്ടികള്‍ തനിച്ചു സംസാരിക്കുന്ന ഒരു രംഗം മൊബൈലില്‍ വിഡിയോ എടുത്ത് പ്രിന്‍സിപ്പലിന് കാണിച്ചു കൊടുത്തു പ്രശ്‌നമാക്കി. ഇരുവരുടേയും മാതാപിതാക്കളെ വിളിച്ചുവരുത്തി. വിചാരണാ മധ്യേ പെണ്ണിനു കല്യാണപ്രായമായി, ഇനി പഠിപ്പൊന്നും വേണ്ട, സമയം കളയാതെ കെട്ടിച്ചു വിടാന്‍ നോക്ക് എന്ന് ക്ലാസ് ടീച്ചര്‍ പരിഹസിച്ചു. അപമാനിതയായ പെണ്‍കുട്ടി അന്നു രാത്രി ആത്മഹത്യ ചെയ്തു.

എല്ലാ അധ്യാപകരും ഇങ്ങനെയാണ് എന്നര്‍ഥമില്ല. ഇതൊന്നും ആനക്കാര്യമായി കരുതേണ്ടെന്നും വളര്‍ച്ചയുടെ ഘട്ടത്തിലെ സ്വഭാവിക പരിണാമങ്ങളാണെന്നും സ്‌നേഹമസൃണമായി അവര്‍ കുട്ടുകള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. വിലക്കുകളേക്കാള്‍ പ്രായോഗികം വിവേകപൂര്‍വമായ വിട്ടുവീഴ്ചകളാണ് എന്നവര്‍ക്കറിയാം.

മുതിര്‍ന്നവര്‍ക്കും പരിശീലനം

ഇങ്ങനെ നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കൗമാരക്കാര്‍ക്കും അവരെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്. ആണ്‍പെണ്‍ ബന്ധങ്ങളുടെ കാര്യത്തില്‍ മുന്‍വിധികള്‍ വേണ്ട. ആരേഗ്യകരമായ ആണ്‍പെണ്‍ സൗഹൃദങ്ങളുണ്ടാകട്ടെ. നല്ലൊരു പെണ്‍ സുഹൃത്തുള്ള ആണ്‍കുട്ടിക്ക് എന്താണ് അവളെ ദേഷ്യം പിടിപ്പിക്കുന്നത്. എന്താണ് സന്തുഷ്ടയാക്കുന്നത്, എന്താണ് അവളെ വ്രണപ്പെടുത്തുന്നത് എന്നൊക്കെ അറിവുണ്ടായിരിക്കും. ഭാവിയിലും സ്ത്രീകളോടു നല്ല രീതിയില്‍ പെരുമാറുന്നതിന് ഇതവരെ സഹായിക്കും. ഒളിച്ചു നിന്നു നിരീക്ഷിക്കലല്ല നല്ല സൗഹൃദം സൂക്ഷിക്കുന്നതില്‍ നിര്‍ദേശങ്ങള്‍ നല്‍കലാകണം അധ്യാപകരുടെ റോള്‍.

ഒരു വിത്തിനു മുള വരുന്നതു പോലെ മികച്ച മനുഷ്യനായി മാറാനുള്ള ശേഷികള്‍ (ശാരീരികവും മാനസികവും ലിംഗപരവും) മുളപൊട്ടിത്തുടങ്ങുന്ന പ്രായമാണ് കൗമാരം. ഒരുവനു കൗമാരത്തില്‍ ലഭിക്കുന്ന അറിവുകളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തിലാണ് ലൈംഗികവും മാനസികവുമായ സ്വഭാവസവിശേഷതകള്‍ ആഴപ്പെടുന്നത്. തകരുന്ന കുടുംബജീവിതങ്ങളുടെ കാരണം തിരഞ്ഞുപോയാല്‍ ചെന്നെത്തുന്നത് പല കേസുകളിലും കൗമാര വളര്‍ത്തുദോഷത്തിലേക്കാവും. കൃത്യവും വ്യക്തവുമായ കൗമാരവിദ്യാഭ്യാസത്തിന്റെ അവശ്യകതയും ഇതു തന്നെ. ഇപ്പോഴേ ഇതൊക്കെ കുട്ടികള്‍ അറിയണോ എന്നു പറയാന്‍ വരട്ടെ. നമ്മുടെ കൗമാരക്കാരില്‍ ഒരു നല്ല ശതമാനത്തിനും ചെറുപ്രായത്തിലേ ലൈംഗികചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതും ബന്ധുക്കള്‍ പോലെ വളരെ അടുത്തുള്ളയാളുകളില്‍ നിന്നും. മാറി അറിവുകളുടെ വെളിച്ചത്തില്‍ ഹോസ്റ്റലുകളിലും മറ്റും കുട്ടികള്‍ കൂട്ടം ചേര്‍ന്ന് സ്വവര്‍ഗലൈംഗികതയുടേതിനു സമാനമായ അനുഭവങ്ങള്‍ക്ക് ശ്രമിക്കുന്നതിന്റെ പിന്നിലും ലൈംഗിക വിദ്യാഭ്യാസക്കുറവാണ്.

മൂടിവയ്ക്കലല്ല, വിട്ടുകൊടുക്കല്‍

കൗമാരവിദ്യാഭ്യാസത്തില്‍ ഏറ്റവും ഊന്നല്‍ കൊടുക്കേണ്ടത് ജീവിതനൈപുണി ശേഷികള്‍ തെളിച്ചെടുക്കുന്നതിനാകണമെന്നാണ് കൗമാരവിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസറും ശിശുരോഗവിദഗ്ധനുമായ ഡോ. അമര്‍ എസ്. ഫെറ്റ് പറയുന്നത്. മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യസംഘടന ഏതാനും അടിസ്ഥാന ജീവിതനൈപുണി ശേഷികളെക്കുറിച്ച് പറയുന്നുണ്ട്. സ്വയം അറിയുക, വിമര്‍ശനാത്മകമായി ചിന്തിക്കുക, തീരുമാനങ്ങളെടുക്കാന്‍ ശീലിപ്പിക്കുക, വ്യക്തിബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വിവേകം നല്‍കുക എന്നിങ്ങനെ പോകുന്നു ആ ശേഷികള്‍. ഇത്തരം ശേഷികള്‍ വികസിപ്പിച്ചാല്‍ നമ്മുടെ സ്‌കൂളുകളിലെ മിക്ക പ്രശ്‌നങ്ങളും തീരും ഡോ. അമര്‍ പറയുന്നു.

പറഞ്ഞു പഴകിയതാണെങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ, മക്കളുമായുള്ള ആശയവിനിമയം ശക്തമായിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. എന്തും തുറന്നു സംസാരിക്കാന്‍ അവസരം നല്‍കുക. മൂല്യബബോധമേ ഇല്ലാത്ത ഒരു കാലത്താണ് കുട്ടികള്‍ വളരുന്നത്. നമ്മള്‍ക്കില്ലാത്ത മൂല്യബോധം കുട്ടികള്‍ക്കുണ്ടാകണമെന്നു വാശി പിടിച്ചിട്ടു കാര്യമില്ല. എന്തിനേക്കുറിച്ചും അറിയാന്‍ ഒരുപാടു വഴികളുള്ള കാലമാണ്. അതിനാല്‍ മറച്ചുപിടിക്കുന്നതില്‍ അര്‍ഥമില്ല. അറിയേണ്ട കാര്യങ്ങള്‍ വേണ്ട പോലെ വസ്തുനിഷ്ഠമായും ലളിതമായും സങ്കോചമില്ലാതെയും പറഞ്ഞുകൊടുക്കുക. അപ്പോള്‍ അവര്‍ കാര്യങ്ങള്‍ അറിയാന്‍ വേറെ വഴി തേടിപ്പോകില്ല. നല്ല കൗമാരമാണ് നല്ല ജീവിതത്തിനുള്ള ഡെപ്പോസിറ്റ്. അതു നന്നായാലേ കുട്ടികള്‍ വേണ്ടപോലെ വിളഞ്ഞു വളരൂ.

പരിശീലനക്ലാസ്സുകള്‍ നല്‍കാം

200809 കാലത്താണ് കൗമാരക്കാര്‍ക്ക് ആരോഗ്യപരമായ അറിവു നല്‍കുക എന്ന ഉദ്ദേശത്തോടെ എആര്‍സിഎച്ച് (അഡോളസന്റ് റീപ്രൊഡക്ടീവ് ആന്‍ഡ് സെക്ഷ്വല്‍ ഹെല്‍ത്ത്) വരുന്നത്. അത് അധ്യാപകരുടേയും മാതാപിതാക്കളുടെയും ഇടയില്‍ അത്ര നല്ല പ്രതികരണമല്ല സൃഷ്ടിച്ചത്. പ്രത്യേകിച്ച് റീപ്രോഡക്ടീവ് ഹെല്‍ത് എന്ന പദം. അങ്ങനെ അത് ചിലമാറ്റങ്ങളോടെ കൗമാരം ആരോഗ്യ വിദ്യാഭ്യാസം (അഡോളസന്റെ ഹെല്‍ത് എജ്യൂക്കേഷന്‍) ആയി. കൗമാരപ്രശ്‌നങ്ങളില്‍ പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യവിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇങ്ങനെയുള്ള പരിശീലനപരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും സ്‌കൂളില്‍ ഇത്തരമൊരു ട്രെയിനിങ് തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കണമെന്നുണ്ടെങ്കില്‍ ആ ജില്ലയിലെ ഡിഎംഒ ഓഫിസിലെ ആര്‍സിഎച്ച് ഓഫിസറുമായും അഡോളസ്‌ന്റെ ഹെല്‍ത് ജില്ലാ കോഓഡിമനേറ്ററുമായും ബന്ധപ്പെട്ടാല്‍ മതി. അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഈ പരിശീലനപരിപാടി ലഭ്യമാണ്.

സഹായത്തിന് ക്ലിനിക്കുകള്‍

ഇല്ലത്തുനിന്നു പോകുകയും ചെയ്തു അമ്മാത്തൊട്ട് എത്തിയുമില്ല എന്ന പോലെയാണ് കൗമാരക്കാരുടെ കാര്യം. കുട്ടിപ്രായം കഴിഞ്ഞു, പക്ഷേ, മുതിര്‍ന്നവരുടെ ഗണത്തില്‍ പെടുത്തുകയുമില്ല. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തും ഈ ആശയക്കുഴപ്പം പ്രകടമാണ്. ഇതെല്ലാം കണക്കിലെടുക്കാണ് കൗമാര ആരോഗ്യ ക്ലിനിക്കുകള്‍ എല്ലാ ജില്ലാ ആശപത്രികളിലും തുടങ്ങിയിരിക്കുന്നത്. കൗമാരക്കാര്‍ക്ക് ഒറ്റയ്‌ക്കോ മാതാപിതാക്കളുടെ ഒപ്പമോ വരാം. അവരുടെ പ്രശ്‌നങ്ങള്‍ പറയാം പ്രത്യക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടേയും ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. ആഴ്ചയില്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ശാരീരികവും മാനസികവും വളര്‍ച്ചാപരവുമായ ഏതു പ്രശ്‌നങ്ങള്‍ക്കും ക്ലിനിക്കില്‍ സൗജന്യ സേവനം ലഭ്യമാണ്. ഇതു കൂടാതെ ചിലയിടങ്ങളില്‍ പ്രധാന താലൂക്ക് ആശുപത്രികളിലും ക്ലിനിക്ക് തുടങ്ങാന്‍ പദ്ധതിയുണ്ട്.

ഹോമിയോ വകുപ്പിന്റെ സദ്ഗമയ

ഹോമിയോ വകുപ്പിന്റെ കീഴില്‍ സദ്ഗമയ എന്ന പേരില്‍ കൗമാരക്കാര്‍ക്കായി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പെരുമാറ്റ തകരാറുകള്‍ക്കുമുള്ള പരിഹാര സംവിധാനം നിലവിലുണ്ട്. ജില്ലതാലൂക്ക് ആശുപത്രികളില്‍ ശനിയാഴ്ചകളില്‍ ക്ലിനിക്കു പ്രവര്‍ത്തിക്കുന്നു. മനശ്ശാസ്ത്ര കൗണ്‍സിലിങ്ങും ഹോമിയോ ഔഷധങ്ങളും ലഭ്യമാണ്.

RANDOM NEWS

sex

ലൈംഗികതയും ആനന്ദവും

മനുഷ്യന്‍ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.’ ലൈംഗികത …