Sunday , June 16 2019
Breaking News
Perumbala

തെക്കില്‍-പെരുമ്പളക്കടവ് ബൈപ്പാസ് റോഡിന് അനുമതി; ടൂറിസം സാധ്യതകൂടി പരിഗണനയില്‍

പൊയിനാച്ചി: ദേശീയപാതയിലെ യാത്രക്കുരുക്ക് ഒഴിവാക്കാന്‍ പരിഗണനയിലുള്ള തെക്കില്‍-പെരുമ്പളക്കടവ്-കാസര്‍കോട് ബൈപ്പാസിന് അനുമതി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി)യില്‍ ഉള്‍പ്പെടുത്തി 55.27 കോടി രൂപ ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 33 കോടിരൂപ റോഡുനിര്‍മാണത്തിനും 22.27 കോടി രൂപ
സ്ഥലമേറ്റെടുക്കുന്നതിനും വിനിയോഗിക്കും. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. ഇവര്‍ തയ്യാറാക്കിയ വിശദപദ്ധതിരേഖ പ്രകാരമാണ് കിഫ്ബി ഡയരക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. ദേശീയപാതയിലെ തെക്കില്‍പ്പാലത്തിനടുത്തുനിന്ന് പടിഞ്ഞാറോട്ട് പുഴക്കരയിലൂടെ
പെരുമ്പളപ്പാലവുമായി ബന്ധിപ്പിച്ച് ഒന്നാംഘട്ടത്തില്‍ നാലര കിലോമീറ്റര്‍ രണ്ടുവരിപ്പാതയാണ് നിര്‍മിക്കുക. 12 മീറ്റര്‍ വീതിയിലാണ് ഇതിന് സ്ഥലം ഏറ്റെടുക്കുക.

ഏഴുമീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് ചെയ്യും. ഇരുവശത്തും ഡ്രൈനേജ്, കേബിള്‍, സോളാര്‍ തെരുവുവിളക്ക്, നടപ്പാത എന്നിവയുണ്ടാകും. ചന്ദ്രഗിരിപ്പുഴയോരത്തെ തെക്കില്‍, പെരുമ്പള ഗ്രാമങ്ങളില്‍ നിന്നായി റോഡിന് 1373 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 33 വീടുകള്‍ പദ്ധതിപ്രദേശത്തുണ്ട്. 19 ഓടിട്ട വീടുകളും 14 കോണ്‍ക്രീറ്റ് വീടുകളും ഭാഗികമായോ പൂര്‍ണമായോ ഏറ്റെടുക്കേണ്ടി വരും. തെക്കിലിലെ ഒരു ആരാധനാലയത്തെയും റോഡ് നിര്‍മാണം ബാധിക്കുമെന്നതിനാല്‍ ഇവിടെ
വീതി 10 മീറ്ററായി ചുരുക്കിയാണ് നിര്‍മാണം നടത്താന്‍ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ ശ്രമഫലമായി 2016-17 ബജറ്റില്‍ പദ്ധതിക്ക് കിഫ്ബിയില്‍ 20 കോടി രൂപ നീക്കിവെച്ചതോടെയാണ് ബൈപ്പാസിന് നടപടിയായത്.

2017 ഒക്ടോബര്‍ 10-ന് സര്‍ക്കാര്‍ പ്രാഥമിക ഭരണാനുമതി നല്‍കി ആര്‍.ബി.ഡി.സി.കെ.യെ പദ്ധതിച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. റോഡിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒട്ടേറെപ്പേര്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.തെക്കില്‍പ്പാലത്തിനടുത്ത തായല്‍പ്പള്ളിയില്‍നിന്ന് പൊയ്യക്കോട്, തെക്കില്‍ തൂക്കുപാലം, കുണ്ട, ചോലിയോട്, ഉപ്പിരംകുളം വഴിയാണ് റോഡ് പെരുമ്പളപ്പാലത്തില്‍ ചേരുക. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഗ്രാമമാണ് പെരുമ്പള. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗം താമസിയാതെ വിളിച്ചുചേര്‍ത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു.
ദൂരക്കുറവ് എന്നതിലുപരി ടൂറിസം സാധ്യതയും തെക്കില്‍-പെരുമ്പളപ്പാലം ബൈപ്പാസിലൂടെ പ്രതീക്ഷിക്കുന്നു. പൂര്‍ണമായും പുഴക്കരയിലൂടെ കുളിര്‍ക്കാറ്റേറ്റ് സഞ്ചാരം നടത്താം. ഇതിനായി സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന രീതിയിലായിരിക്കും റോഡ് നിര്‍മാണം. ഇതിന് വിനോദ സഞ്ചാരവകുപ്പിന്റെ സഹായവും തേടും.

RANDOM NEWS

accident

അഡൂര്‍ കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ …