സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കിയ ചരിത്രപരമായ കൂടിക്കാഴ്ച സിംഗപ്പൂരില്‍ സമാപിച്ചു. നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന് കിം ജോങ്ങ് ഉന്നും സുപ്രധാനമായ കരാറില്‍ ഒപ്പുവെച്ചു. കിമ്മിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും വലിയ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യന്‍ സമയം രാവിലെ 6.30ന് ആരംഭിച്ച കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നീണ്ടു. ആദ്യം ഇരുനേതാക്കളും മാത്രം 45 മിനിട്ട് സംസാരിച്ചതിന് ശേഷമാണ് സംഘാംഗങ്ങള്‍ അടക്കമുള്ളവരുടെ ചര്‍ച്ച. ഉത്തരകൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാന്‍ കൂടിക്കാഴ്ച ഇടയാക്കിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. കൊറിയന്‍ ഉപഭൂഖണ്ഡങ്ങളിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുംട്രംപ് പറഞ്ഞു.
കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു. അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കിം പറഞ്ഞു.
നിര്ണ്ണായകമാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും കിം വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടിയില്‍ ലോക സമാധാനം പുലരാനുള്ള വഴികള്‍ ഉണ്ടെന്ന് ഇരു നേതാക്കളും സൂചന നല്കി.
ഇരുസംഘത്തിലും വിദേശ കാര്യ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ ഉണ്ട്.
