Tuesday , June 18 2019
Breaking News
Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം സതീഷ് ചന്ദ്രന് 4,32,044 ഉം വോട്ടുകള്‍ ലഭിച്ചു. എന്‍.ഡി.എയിലെ രവീശ തന്ത്രി കുണ്ടാറിന് 1,75,311 വോട്ടുകള്‍ ലഭിച്ചു.

കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ മികച്ച പ്രകടനവും കല്യാശേരി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മുന്‍കാലങ്ങളിലെ എല്‍.ഡി.എഫ്. മുന്നേറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതുമാണ് ഉണ്ണിത്താന് തുണയായത്. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിനേക്കാള്‍ നാല്‍പതിനായിരത്തില്‍ പരം വോട്ടിന്റെയും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 26,000ത്തോളം വോട്ടിന്റെയും ഭൂരിപക്ഷം ഉണ്ണിത്താന് നേടാന്‍ കഴിഞ്ഞു. രണ്ടിടത്തും തൊട്ടുപിന്നില്‍ ബി.ജെ.പിയാണ്. ഉദുമയില്‍ എല്‍.ഡി.എഫിനേക്കാള്‍ 9000ത്തിന്റെ ഭൂരിപക്ഷവും ഉണ്ണിത്താന്‍ നേടി. പയ്യന്നൂര്‍ മണ്ഡലം പതിവുപോലെ എല്‍.ഡി.എഫിനെ തുണച്ചു. ഇവിടെ 26,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. കേരളത്തില്‍ പൊതുവെയുണ്ടായ യു.ഡി.എഫ്. തരംഗവും പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സി.പി.എം. പ്രതിരോധത്തിലായതും എല്‍.ഡി.എഫിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഇടതിനൊപ്പം നിന്ന കാസര്‍കോട് മണ്ഡലമാണ് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ് യു.ഡി.എഫ്. തിരിച്ചുപിടിച്ചത്. നേരത്തെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 12 തവണയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഇവിടെ വിജയിച്ചത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം രൂപീകൃതമായ 1957 മുതല്‍ 1967 വരെ മൂന്ന് തവണ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ജി. യാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1971, 1977, 1984 വര്‍ഷങ്ങളില്‍ മാത്രമാണ് മണ്ഡലം ഇടതിനെ കൈവിട്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 6921 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫിലെ പി. കരുണാകരന്‍ വിജയിച്ചത്.

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …