Tuesday , December 12 2017
Breaking News
---

യു ഡി എഫിന്റെ സമരചരിത്രത്തില്‍ പുത്തന്‍ അധ്യായമായി രാപ്പകല്‍ സമരം

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും ജനങ്ങളെ വഞ്ചിച്ചു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്യനയത്തിനെതിരെയും യു.ഡി.എഫ് കാസര്‍കോട് കലക്ട്രേറ്റ് ജംഗ്ഷനില്‍ നടത്തിയ രാപ്പകല്‍ സമരം യു.ഡി.എഫിന്റെ സമര ചരിത്രത്തില്‍ പുത്തന്‍ അധ്യായമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ രാപ്പകല്‍ സമരം വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ സമാപ്തിയായി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ ഒരു പോലെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിനും സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിനുമെതിരെയുണ്ടായ സമരങ്ങളില്‍ പുതിയൊരു അധ്യായമാണ് രാപ്പകല്‍ സമരത്തിലൂടെ യു.ഡി.എഫ് തുന്നിച്ചേര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ വരുംകാല സമരങ്ങളെ പ്രോജ്വലമാക്കാനുള്ള വര്‍ധിത വീര്യമാണ് ഒരു രാപ്പകല്‍ നീണ്ട സമരത്തിലൂടെ യു.ഡി.എഫിന്റെ നേതാക്കളും പ്രവര്‍ത്തകരും ആര്‍ജിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞികൃഷ്ണന്‍, ബാലകൃഷ്ണന്‍ പെരിയ, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, കെ.പി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എ.ജി.സി ബഷീര്‍, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല മുഗു, ഡി.സി.സി സെക്രട്ടറി എ. ഗോവിന്ദന്‍ നായര്‍, കല്ലക ചന്ദ്രശേഖര റാവു പ്രസംഗിച്ചു.

വിവിധ മേഖലയില്‍ നിന്നും രണ്ടുഘട്ടമായാണ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്. ഉദ്ഘാടന പരിപാടിക്ക് ശേഷം തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും നേതാക്കളും വൈകിട്ട് ആറുമണി മുതല്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും സമരപ്പന്തല്‍ സജീവാക്കി. ഇതിനുപുറമെ നിയോജക മണ്ഡലം നേതാക്കളും സമരപ്പന്തലില്‍ സജീവ സാന്നിധ്യം ഉറപ്പാക്കയത് അണികളില്‍ ആവേശം വിതറി.

സമരക്കാര്‍ക്ക് ആവേശം പകരാന്‍ കലാപരിപാടികളും വികസന ചര്‍ച്ചകളും ഒരുക്കിയിരുന്നു. രാത്രിയില്‍ സമരത്തില്‍ പങ്കെടുത്ത നേതാക്കളും മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും വിവിധ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാപ്പിളപ്പാട്ടുകളും നാടന്‍ പാട്ടുകളും പൂരക്കളിയും ക്വിസ് പരിപാടികളും കവിതാലാപനവും വിവിധ ഹാസ്യ പരിപാടികളും സമരരാത്രിയെ സജീവമാക്കി. ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ജനവഞ്ചനക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും സമരത്തെ ധന്യമാക്കി. രാത്രി നേരംപുലരും വരെ ഒരു പോള കണ്ണടക്കാതെ നേതാക്കളും പ്രവര്‍ത്തകരും സാന്നിധ്യമറിയിച്ച രാപ്പകല്‍ സമരം യു.ഡി.എഫ് സമരചരിത്രത്തില്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു.

---

RANDOM NEWS

Kanthapuram

മുഹിമ്മാത്ത് ഗേള്‍സ് ഓര്‍ഫനേജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം 15ന് കാന്തപുരം നിര്‍വഹിക്കും

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ അനാഥ അഗതി പെണ്‍കുട്ടികളുടെ ഹോസ്റ്റലിനായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ …