Sunday , December 16 2018
Breaking News
-----

ഒരപ്പത്തിന് ഒരു പുസ്തകം – അപൂര്‍വ്വമായ ഒത്തുകൂടലുമായി ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍

ഉദുമ : ഒരപ്പത്തിന് ഒരു പുസ്തകം എന്ന നിലയില്‍ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനായി അപ്പത്തരത്തെയും പുസ്തകത്തരങ്ങളെയും ബന്ധിപ്പിക്കുന്ന അപൂര്‍വമായ ഒത്തു കൂടലിന് ശിശുദിനത്തില്‍ ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ അങ്കണം സാക്ഷിയായി.

ഒരാഴ്ചയായി നീണ്ടു നിന്ന വായനാ വാരാചരണത്തിന്റെ സമാപന ത്തോടനുബന്ധിച്ച് പി.ടി.എ യുടെയും സ്‌കൂള്‍ വികസന സമിതിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി അഡ്‌ഹോക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരത്തണലിലെ വായനാ മൂലയില്‍ അപ്പത്തരങ്ങളും പുസ്തകത്തരവും’ എന്ന പുസ്തക വായനാ ചടങ്ങ് സംഘടിപ്പിച്ചത്.
മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം. മുനീറയുടെ നേതൃത്വത്തില്‍ ഉമ്മമാര്‍ കൊണ്ടുവന്ന വിവിധ അപ്പത്തരങ്ങളുടെ കൂമ്പാരം പരിപാടിയെ ആകര്‍ഷകമാക്കി. കാര്‍ട്ടൂണിസ്റ്റ് കെ.എ. ഗഫൂര്‍ ചിത്രകഥ വരച്ചു കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു . ഇംഗ്ലീഷ് വായനയ്ക്കും പഠനത്തിനും എങ്ങനെ ചിത്രകഥ ഉപയോഗപ്പെടുത്താമെന്ന് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ശേഖരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനം പ്രശസ്ത കവി പി.എസ് ഹമീദ് ടി. ഉബൈദിന്റെയും, പി.കുഞ്ഞിരാമന്‍ നായരുടെയും കവിതകള്‍ ആലപിച്ചു കൊണ്ട് നിര്‍വഹിച്ചു. പ്രൊഫ. സാഹിറാ റഹ് മാന്‍ ഇംഗ്ലീഷ് പുസ്തക വായനയെ കുറിച്ച് കുട്ടികളുമായി സംവദിച്ച് വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തി.
സ്‌കൂള്‍ ലൈബ്രറിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംഭാവന ചെയ്ത 12 അലമാരകള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കോട്ടക്കുന്നില്‍ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂള്‍ മാനേജര്‍ കെ.എ. മുഹമ്മദലി ,വികസന സമിതി ചെയര്‍മാന്‍ എം.എ. റഹ് മാന്‍,
മാനേജ്‌മെന്റ് സെക്രട്ടറി ഷറഫുദ്ധീന്‍ പാക്യാര, ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ്, പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര എന്നിവര്‍ക്ക് കൈമാറി. പുസ്തകങ്ങളായിരിക്കട്ടേ നിങ്ങളുടെ സുഹൃത്തും വഴികാട്ടിയും എന്ന എ.പി.ജെ അബ്ദുല്‍ കലാമിന്റെ സന്ദേശമുള്‍കൊണ്ട് നടത്തിയ പുസ്തക സമാഹരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും ശേഖരിച്ച പുസ്തകങ്ങള്‍ ഹെഡ് മാസ്റ്റര്‍ക്ക് കൈമാറി.
വായനാ മത്സരത്തിലെ വിജയികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ കെ.എ. ഹബീബ് സമ്മാനമായി പുസ്തക പ്പൊതികള്‍ സമ്മാനിച്ചു. അധ്യാപികമാരായ എം.ബവിത, സി.ശ്രീജ എന്നിവര്‍ പുസ്തക പരിചയം നടത്തി.
നാലാം ക്ലാസിലെ കുട്ടികള്‍ക്ക് ഓരോ പുസ്തകം നല്‍കി പരിപാടി സമാപിച്ചു. പുസ്തകങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വായിച്ച ശേഷം കുട്ടികള്‍ ലൈബ്രറിയില്‍ തിരിച്ചേല്‍പ്പിക്കണം. അപ്പത്തരങ്ങളുടെ വിതരണത്തിനു ശേഷം ഉമ്മമാര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. പുസ്തകം ഒരാഴ്ചക്കകം വായിച്ചു തീര്‍ത്ത് കുറിപ്പ് തയ്യാറാക്കി സ്‌കൂളില്‍ എത്തിക്കണം. ഏറ്റവും നല്ല കുറിപ്പ് എഴുതുന്നവര്‍ക്ക് സമ്മാനം നല്‍കും.
പരിപാടിക്ക് പി..ടി.എ. വൈസ് പ്രസിഡണ്ടുമാരായ ഹംസ ദേളി, ഷംസു ബങ്കണ, അംഗങ്ങളായ അബ്ദുല്ലക്കുഞ്ഞി ഉദുമ, റഹ് മാന്‍ പൊയ്യയില്‍, സിദ്ദീഖ് ഈച്ചിലിങ്കാല്‍, മൈമൂനത്ത്, ഊര്‍മ്മിള, സുബൈദ, ഷില്‍ജ, അധ്യാപകരായ പി. സുജിത്ത്, കെ.എ. അസീസു റഹ് മാന്‍, എ.പി. മുഖീമുദ്ദീന്‍, സി.ടി. ലീലാമ്മ, എ.ഗീത, പി.പ്രജിന, സി.ശ്രീജ, എ. കസ്തൂരി, എം. ബവിത, സി. അനീസ, എം.പ്രിയ, എ.വി. അനിത നേതൃത്വം നല്‍കി.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …