Tuesday , August 20 2019
Breaking News
Unnitha-n

കാസര്‍കോടിന്റെ ഉയിരായി ഉണ്ണിത്താന്‍, തകര്‍ന്നത് 35 വര്‍ഷത്തെ സിപിഎം കോട്ട

കാസര്‍കോട് : ഇടതിന്റെ പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുത്തു. വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജയിച്ചുകയറിയത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്. പെരിയ ഇരട്ടക്കൊല ഉദുമ എന്ന ഇടത് കോട്ടയെ ഇളക്കി. മറ്റൊരു കോട്ടയായ കാഞ്ഞങ്ങാട് നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. ഇടത് കോട്ടകളില്‍ നേരിയ മേല്‍കൈയും വലത് പാളയങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷവും നേടിയാണ് ഉണ്ണിത്താന്‍ വിജയം ഉറപ്പിച്ചത്. ബിജെപി വോട്ട് വര്‍ധിച്ചതോടെ യുഡിഎഫിലേക്ക് ബിജെപി വോട്ട് മറിച്ചു എന്ന ആരോപണത്തിനും പ്രസക്തയില്ലാതായി.

പെരിയ കല്ല്യോട്ടെ ഇരട്ടകൊലപാതകം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്നിവയാണ് എല്‍ഡിഎഫ് പരാജയത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പ്രഥമിക വിലയിരുത്തലുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിന്റെ പ്രതിഫലനം കേരളത്തിലെ മറ്റ് 18 മണ്ഡലങ്ങളിലെയുംപോലെ കാസര്‍കോടുമുണ്ടായിട്ടുണ്ട്. ഇത് ഉണ്ണിത്താന്റെ വിജയത്തിന് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഏറെ വൈകിയാണ് കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. അതേസമയം, സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രത്യക്ഷത്തില്‍ തന്നെ പടലപ്പിണക്കങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ കീഴ്‌വഴക്കങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയും കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് തുടങ്ങിയ മുന്നണിയിലെ മറ്റു കക്ഷികള്‍ ഒരു മനസോടെ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തത് ഉണ്ണിത്താന്റെ വിജയത്തില്‍ പ്രധാന ഘടകമായി.

മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയായിരുന്നെങ്കിലും കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലും വാക്ചാതുര്യം കൊണ്ടും ആളെകൂട്ടാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപരിചിതനാണ്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പലപ്പോഴും എത്തിയിട്ടുണ്ടെങ്കിലും നാല് പതിറ്റാണ്ട് നീളുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് അദ്ദേഹം ജനപ്രതിനിധിയാകുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ അണിനിരന്ന എതിരാളികളും കരുത്തരായിരുന്നു. തൃക്കരിപ്പൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തുകയും പത്ത് വര്‍ഷം സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത സതീഷ് ചന്ദ്രനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിലെത്തിച്ചപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റം സമ്മാനിച്ച രവീശ തന്ത്രി കുണ്ടാറിനെയാണ് എന്‍ഡിഎ മത്സരത്തിനിറക്കിയത്.

പെരിയയിലെ ഇരട്ടകൊലപാതകമാണ് പ്രധാനമായും ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നാളിത്രയും സിപിഎമ്മിനൊപ്പം നിന്ന ഉദുമ മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് 8937 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായത്. ഇതിന് പുറമെ, മഞ്ചേശ്വരം മണ്ഡലത്തില്‍ 11113 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടിയപ്പോള്‍32796 വോട്ടുകള്‍ മാത്രം നേടി ബഹുദൂരം പിന്നിലാണ് എല്‍ഡിഎഫ്. ഇവിടെ രണ്ടാം സ്ഥാനം എന്‍ഡിഎയ്ക്കാണ്. കാസര്‍കോട് മണ്ഡലത്തില്‍ 23160 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. 28567 വോട്ട് മാത്രമാണ് എല്‍ഡിഎഫിന് ഇവിടെ നേടാനായത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈയുണ്ടെങ്കിലും കേവലം 2221 വോട്ടാണ് ഭൂരിപക്ഷം.

കാസര്‍കോട് മണ്ഡലത്തില്‍ ഒരിടത്ത് പോലും എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കല്ല്യാശ്ശേരിയില്‍ പോലും ഇടതുപക്ഷത്തിന് 13694 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ മാത്രമാണ് 26131 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്റെ സ്വന്തം മണ്ഡലമായിരുന്നിട്ടുപോലും കേവലം 1900 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ഇടതുപക്ഷത്തിനുണ്ടായത്.

2014ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കാസര്‍കോട് മണ്ഡലത്തിലെ ഇടതുപക്ഷ മേല്‍കോയ്മയ്ക്ക് മങ്ങലേറ്റിരുന്നു. 2004ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നഷാഹിദ കമാലിനെ 64427 വോട്ടുകള്‍ക്കാണ് പി.കരുണാകരന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍, 2014ലെ തിരഞ്ഞെടുപ്പില്‍ ഇത് 6921 ആയി കുറയ്ക്കാന്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി.സിദ്ദിഖിനായിരുന്നു. കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കാലത്താണ് ഭൂരിപക്ഷം ഇത്രകണ്ട് കുറയ്ക്കാന്‍ സിദ്ദിഖിനായത്. ഇതിന്റെ തുടര്‍ച്ചയാണ് ഉണ്ണിത്താന്റെ മികച്ച വിജയം.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കല്ല്യാശേരിയില്‍ 22782 വോട്ടിന്റെയും പയ്യന്നൂരില്‍ 28142 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഒരുപരിധി വരെ കരുണാകരന്റെ വിജയം ഈ ഭൂരിപക്ഷത്തിന്റെ പിന്തുണയിലായിരുന്നു. തൃക്കരിപ്പൂരില്‍ 3451 വോട്ടിന്റെ ഭൂരപക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ തൃക്കരിപ്പൂരില്‍ 3451 വോട്ടിന്റെ ഭൂരപക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ തൃക്കരിപ്പൂരില്‍ ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ ഇത്തവണ ഭൂരിപക്ഷം ഇടിഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനുള്ള തിരിച്ചടിയാണ് കണ്ണൂര്‍ ജില്ലയിലെ ഈ മാറ്റമെന്നുവേണം വിലയിരുത്താന്‍.

കാസര്‍കോട് ജില്ലയിലേക്ക് വന്നാല്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഎമ്മിന് ഭൂരിപക്ഷമുണ്ടെങ്കിലും ഉദുമയില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്. പെരിയയിലെ ഇരട്ടകൊലപാതകത്തെ തുടര്‍ന്നുണ്ടായ തിരിച്ചടിയാണ് കാസര്‍കോട് ജില്ലയില്‍ ഇടതുപക്ഷത്തിനുണ്ടായതെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

Unnitha-n-2 Unnitha-n-1

 

RANDOM NEWS

Satelite

പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളി; എന്‍.ഐ.എ. അന്വേഷണം തുടങ്ങി

മംഗളൂരു: കര്‍ണാടകയിലേക്ക് പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളിവന്നു എന്ന സൂചനയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം ആരംഭിച്ചു.ബെല്‍ത്തങ്ങാടി, ചിക്മഗളൂരു എന്നിവിടങ്ങളിലേക്കാണ് …