കാസര്‍കോട് : സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന വനിതാ കമ്മീഷന് അംഗങ്ങളായ ഡോ.ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ വനിതാ കമ്മീഷന് മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന് അംഗങ്ങള്‍.
കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു വനിതാ ജനപ്രതിനിധിക്കെതിരെ ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ വളരെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഇതിനെതിരെ പരാതിയുമായി ഇവര്‍ വനിതാ കമ്മീഷനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സംസ്ഥാനത്ത് ഓരോ ജില്ലയിലും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈബര്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാത്തതാണ് ഇത്തരം കുറ്റങ്ങള്‍ പെരുകുന്നതിന് കാരണം. സൈബര്‍ നിയമങ്ങളും ശിക്ഷയും ശക്തമാക്കിയില്ലെങ്കില്‍ ഇതു വര്‍ധിക്കും. സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെ തെറ്റായ രീതിയില്‍ കാണുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. ഈ കാഴ്ചപ്പാടിനാണ് ആദ്യം മാറ്റം വരേണ്ടത്. വേട്ടപ്പട്ടികളെ പോലെ സ്ത്രീകളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. ആരെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സമൂഹമാധ്യമങ്ങള്‍ മാറരുതെന്നും ഇത്തരത്തില്‍ മാനസിക വൈകൃതങ്ങള്‍ ബാധിച്ചവരെ ബോധവത്കരിക്കണമെന്നും ഇത് ആദ്യം കുടുംബത്തില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്നും ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു.
വിദ്യാഭ്യാസമെന്നത് സംസ്കാര സമ്പന്നരായി സമൂഹത്തില്‍ ജീവിക്കാനും വ്യക്തിത്വ വികസനത്തില്‍ മാറ്റങ്ങള്‍ വരുത്താനും സഹായിക്കുന്നതാകണം. ഇതിലൂടെ മറ്റുള്ളവരുടെ പ്രശ്നങ്ങളെ ഉള്‍ക്കൊള്ളാനും നമ്മുക്ക് കഴിയണം. വിദ്യാഭ്യാസത്തിലൂടെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും ഗുണപരമായി സ്വാധീനിക്കാന്‍ കഴിയണം. ഒരു ജോലിക്ക് വേണ്ടി മാത്രം വിദ്യ അഭ്യസിച്ചാല്പോര. നമ്മുടെ പാഠ്യ പദ്ധതിയില്‍ ജീവിത വിദ്യാഭ്യാസത്തിന് കൂടി പ്രാധ്യാനം നല്‍കണം.
കാസര്‍കോട് അദാലത്തില്‍ പരിഗണിച്ച ഒരു കേസില്‍ ദമ്പതികള്‍ ഏറെ വിദ്യാസമ്പന്നരായിട്ടും ഒത്തു തീര്‍പ്പാക്കാന്‍ കഴിയാത്തത് ഏറെ പ്രയാസമുണ്ടാകുന്നതാണ്. നിസാരമായ കാര്യമാണ് ദമ്പതികള്‍ക്കിടയിലുള്ളത്. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിച്ചിട്ടും പരിഹരിക്കാന്‍ കഴിഞ്ഞില്ല. ജില്ലയില്‍ കുടുബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളില്‍ കുറവുണ്ട്. വസ്തു സംബന്ധമായവ വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നിരവധി സെമിനാറുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു വരുകയാണ്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ നിയമത്തിന്റെ മുമ്പില്‍ എത്തിക്കാതെ പരിഹരിക്കാനുള്ള സന്ദേശമാണ് ഇത്തരം സെമിനാറികളിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വനിതാ കമ്മീഷന് അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു
കാസര്‍കോട് കളക്ടറേറ്റില്‍ വനിതാ കമ്മീഷന് നടത്തിയ മെഗാ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികളില്‍ പോലീസ്, തൊഴില്വകുപ്പുകളില് നിന്നും വിശദീകരണം തേടിയിട്ടുണ്ട്. 31 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
കാസര്‍കോട് ജില്ലയില്‍ നിന്ന് വനിതാ കമ്മീഷനിലെത്തുന്ന പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്ന് കമ്മീഷന് അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. നിലവില്‍ ഒരു പരാതിപോലും കെട്ടിക്കിടക്കുന്നില്ല. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവും ജില്ലയിലെ ഉദ്യോഗസ്ഥരും നല്കുന്ന സേവനങ്ങള്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പരിഹരിക്കുന്നതിനും കഴിയുന്നുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണയും മികച്ചതാണ്.
എല്ലാ മാസവും കൃത്യമായി അദാലത്തുകള്‍ നടത്തുകയും പരിഹാരം കാണുവാനും കമ്മീഷന് ശ്രമിക്കുന്നുണ്ട്. കൃത്യമായ ഇടപെടലുകള്‍ നടത്തിയതോടെ പരാതികളും കുറയുന്നുണ്ട്. ജില്ലയിലെ പ്രശ്നങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് സ്ത്രീകള്‍ക്കായി മാസവും ബോധവത്ക്കരണ സെമിനാറുകളും വനിതാ കമ്മീഷന് നടത്തുന്നുണ്ടെന്നും കമ്മീഷന് അംഗങ്ങളായ ഡോ.ഷാഹിദാ കമാലും ഇ.എം രാധയും പറഞ്ഞു.
ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണന്, ലീഗല്‍ പാനല്‍ അംങ്ങളായ അഡ്വ.എ.പി ഉഷ, അഡ്വ.എസ്.എന്‍ സരിത, വനിതാ സെല്‍ എസ്ഐ:എം.എ ശാന്ത, സിപിഒ:പി.ഷീല, വനിതാ കമ്മീഷനിലെ സീനിയര്‍ സൂപ്രണ്ട് ജെയ്മോന് എ ജോണ്‍, ക്ലാര്‍ക്ക് അമല്‍ മിത്ര എന്നിവരും പങ്കെടുത്തു.