Friday , May 29 2020
Breaking News

മതവിദ്വേഷ പരാമര്‍ശം: വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

Vellapally

തിരുവനന്തപുരം: മതവിദ്വേഷം നിറഞ്ഞ പരാമര്‍ശം നടത്തിയതിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം വെള്ളാപ്പള്ളിക്കെതിരെ കേസടുക്കാന്‍ ആലുവ പോലീസിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി.ഇതുസംബന്ധിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, ടി.എന്‍.പ്രതാപന്‍ എം.എല്‍.എ. എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളും മാധ്യമവാര്‍ത്തകളുംകൂടി പരിഗണിച്ചാണ് നടപടി.

153 എ വകുപ്പ് മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന വകുപ്പാണ് 153 എ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താല്‍ വാറണ്ടില്ലാതെയും പോലീസിന് അറസ്റ്റുചെയ്യാം. മതം, വംശം, ദേശം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുകയും മതസൗഹാര്‍ദത്തിന് ഭംഗംവരുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത്.
പരാതികള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.

കോഴിക്കോട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദിന് സര്‍ക്കാര്‍സഹായം പ്രഖ്യാപിച്ചതിനെതിരെയായിരുന്നു ആലുവയില്‍ സമത്വമുന്നേറ്റയാത്രയുടെ സ്വീകരണച്ചടങ്ങില്‍ വെള്ളാപ്പള്ളി വിവാദപ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെയാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
പോലീസ് അന്വേഷണത്തിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

എന്നാല്‍, ഇതിന്റെ പേരില്‍ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്ര തടയാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമമെങ്കില്‍ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ വി.എസ്. നല്‍കിയ പരാതി െക്രെംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇതെത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ലഭിച്ച ഒറ്റപ്പെട്ട പരാതികളും അന്വേഷിക്കുന്നുണ്ട്.

അപകടത്തില്‍പ്പെടുമ്പോഴും ജാതിയും മതവും ചോദിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. ജാതിസ്?പര്‍ദ്ധ സൃഷ്ടിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഒരുകാലത്തുമില്ലാത്ത വര്‍ഗീയപ്രചാരണമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തവിധമുള്ള വര്‍ഗീയവിഷമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും മതവിദ്വേഷവും സ്?പര്‍ധയും വളര്‍ത്തുമെന്നും വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നും വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവാഴ്ചയേയും നീതിവ്യവസ്ഥയേയും അദ്ദേഹം വെല്ലുവിളിക്കുകയാണ്. സാമൂഹികാന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനുള്ള നീക്കമാണിതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഹീനവും നിഷ്ഠുരവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും ആരോപിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ തുടങ്ങിയവരും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, ബി.ജെ.പി. നേതാക്കള്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

മരിക്കുന്നെങ്കില്‍ മുസ്ലിമായി മരിക്കണം വെള്ളാപ്പള്ളി

‘അപകടം വന്ന് മരിക്കുകയാണെങ്കില്‍ മുസ്ലിമായി മരിക്കണം. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന് പത്തുലക്ഷം രൂപയും ഭാര്യക്ക് ജോലിയുമാണ് നല്കിയത്. എടപ്പാളില്‍ വാന്‍ മറിഞ്ഞ് മരിച്ച കായികതാരങ്ങളായ കുട്ടികള്‍ ഹിന്ദുക്കളായതിനാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മന്ത്രിപ്പടയെ കണ്ടില്ല. ജാതിയും മതവുമില്ലെന്ന് പറയുമ്പോഴും ക്രിസ്ത്യാനിയോ മുസ്ലിമോ മരിച്ചാല്‍ തിരുവനന്തപുരത്തുനിന്ന് മന്ത്രിപ്പടതന്നെ വരും. നമ്മള്‍ ആരെങ്കിലും മരിച്ചാല്‍ മന്ത്രിപോയിട്ട് ഒരു പട്ടിപോലും വരില്ല’.
(വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന)

RANDOM NEWS

സംസ്ഥാനത്ത് 84 പേര്‍ക്ക് കോവിഡ് : കാസര്‍കോട് 18 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1088 ആയി വര്‍ധിച്ചു. …