കാസര്‍കോട് : പഴയ പോലെ വില്ലേജ് ഓഫീസില്‍ നികുതി പണമടക്കാന്‍ ആളുകള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കേണ്ടതില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചോ, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നികുതി അടക്കാം. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സമയം ലാഭിക്കാനും, കള്ളനോട്ട് ഇടപാട് തടയാനും ഇപിഒഎസ് മെഷീന് തയ്യാറായി. ഡിജിറ്റല്‍ പേമെന്റിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഈ മെഷിന് ഏറെ സഹായകരമാവും. വില്ലേജ് ഓഫീസിലെ നികുതി പണമിടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇപിഒഎസ് മിഷനിന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എഡിഎം എന്‍ ദേവീദാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ ഐ സി ജില്ലാ ഓഫീസര്‍ കെ രാജന് ക്ലാസെടുത്തു. ജൂനിയര്‍ സൂപ്രണ്ട് ആന്റോ ഷിജു സംസാരിച്ചു. ഇപിഒഎസ് മെഷീന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തു.
ഇ പി ഒ എസ് മെഷീനില്‍ ചുവന്ന നിറത്തിലുള്ള ക്യാന്‍സല്‍ ബട്ടണ്‍ ,സ്ക്രോള്‍ ബട്ടണ്‍ ,മഞ്ഞ നിറത്തിലുള്ള ബാക്ക് ബട്ടണ്‍ , പച്ച നിറത്തിലുള്ള കണ്‍ഫേം ബട്ടണ്‍ എന്നീ നാല് ബട്ടണുകള്‍ ഉണ്ടാകും. മെഷീന് ഓണ്‍ ചെയ്യാന്‍ പച്ച ബട്ടണ്‍ കുറച്ച് സമയം അമര്‍ത്തി പിടിക്കണം. ഓരോ വില്ലേജിനും ഓരോ ട്രഷറി കോഡ് ആണ് ഉണ്ടാകുക. ഇ പി ഒ എസ് മെഷീനിന്റെ സംസ്ഥാന തല ഉദ്ഘാടനം രണ്ട് ദിവസം മുന്‍പ് മുഖ്യമന്തി പിണറായി വിജയന് നിര്‍വ്വഹിച്ചിരുന്നു. ഏറ്റവും ജനതിരക്കുള്ള ഓഫീസില്‍ ഇത്തരം മെഷീന് ഉപയോഗിക്കുന്നതിലൂടെ ഡിജിറ്റല്‍ പേമെന്റിലേക്ക് ആളുകളെ കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.