Wednesday , September 18 2019
Breaking News
Cricket

ധോനിയുടെയും ജഡേജയുടെയും പോരാട്ടം വിഫലം; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി.

92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോനിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.

59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സെടുത്തു. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോനി റണ്ണൗട്ടാകുകയായിരുന്നു.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്തായി.

25 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയേയും സാന്റനര്‍ തന്നെ മടക്കി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ്ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

റിസര്‍വ് ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി..

RANDOM NEWS

Sports

ബുംറക്ക് 5 വിക്കറ്റ് : വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ഉഗ്രന്‍ വിജയം

ആന്റിഗ്വ : വെസ്റ്റി ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. പേസര്‍ ജസ്പ്രീത് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ …