Thursday , November 14 2019
Breaking News

മാഞ്ചെസ്റ്ററില്‍ പാകിസ്താനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

മാഞ്ചെസ്റ്റര്‍: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.

35 ഓവറില്‍ ആറിന് 166 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. ലോകകപ്പില്‍ പാകിസ്താനെതിരേ കളിച്ച ഏഴു മത്സരങ്ങളില്‍ ഇന്ത്യ നേടുന്ന ഏഴാം ജയമാണിത്.

337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് സ്‌കോര്‍ 13ല്‍ എത്തിയപ്പോള്‍ ഇമാം ഉള്‍ ഹഖിനെ (7) നഷ്ടമായി. പേശീവലിവ് കാരണം പിന്‍മാറിയ ഭുവനേശ്വര്‍ കുമാറിന് പകരം ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കറാണ് ഇമാമിനെ പുറത്താക്കിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ശങ്കര്‍ വിക്കറ്റ് വീഴ്ത്തി. പിന്നീട് ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാബര്‍ അസമിനെ (48) പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 62 റണ്‍സെടുത്ത ഫഖര്‍ സമാനും മടങ്ങി. അതോടെ പാകിസ്താന്‍ തകര്‍ന്നു. മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0), ക്യാപ്റ്റന്‍ സര്‍ഫറാസ് (12) എന്നിവര്‍കാര്യമായ ചെറുത്തുനില്‍പ്പുകളില്ലാതെ മടങ്ങി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിരുന്നു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളില്‍ നിന്ന് തന്റെ 24ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.
65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും ഇന്ത്യയ്ക്കായി തിളങ്ങി. രോഹിത് ലോകേഷ് രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. 23.5 ഓവറില്‍ 136 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത രാഹുല്‍ വഹാബ് റിയാസിന്റെ പന്തലിലാണ് പുറത്തായത്.

പിന്നീട് ക്രീസില്‍ ഒന്നിച്ച രോഹിത് കോലി കൂട്ടുകെട്ട് 98 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 39ാം ഓവറില്‍ രോഹിത് പുറത്തായ ശേഷം എത്തിയ ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ധോനിക്ക് വെറും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ

ഇതിനിടെ മത്സരത്തില്‍ 57 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. 222 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടം പിന്നിട്ടത്. സച്ചിന് 11,000 റണ്‍സ് തികയ്ക്കാന്‍ 276 ഇന്നിങ്‌സുകള്‍ വേണ്ടിവന്നിരുന്നു. ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് കോലി. 18,426 റണ്‍സെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കറും 11,363 റണ്‍സുമായി സൗരവ് ഗാംഗുലിയുമാണ് കോലിക്ക് മുന്നിലുള്ളത്.

നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

RANDOM NEWS

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട് മെഡല്‍

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന രണ്ടാം മത് സംസ്ഥാന സീനിയര്‍ സ്‌കൂള്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിഭാഗത്തില്‍ കാസര്‍കോടും പുരുഷവിഭാഗത്തില്‍ കണ്ണൂരും ചാമ്പ്യന്മാരായി. …