ദോഹ: ഗര്‍ഭാശയ അര്‍ബുദ രോഗവുമായി (സെര്‍വികല്‍ കാന്‍സര്‍) ബന്ധപ്പെട്ട ഭീതി ഒഴിവാക്കുന്നതിനായി രോഗ നിര്‍ണയ പരിശോധനക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് സമ്മാനമായി ആഭരണങ്ങള്‍ നല്കാന് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി തീരുമാനിച്ചു. അന്താരാഷ്ട്ര സെര്‍വികല്‍ കാന്‍സര്‍ ബോധവല്കരണ മാസാചരണത്തോടനുബന്ധിച്ച് ജനുവരിയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായാണ് നിര്‍ബന്ധമായി പരിശോധനക്ക് വിധേയമാകാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നത്.
പൊതുവെ ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളോട് രാജ്യത്തെ സ്ത്രീകള്‍ വിമുഖത കാണിക്കുന്നതായാണ് അനുഭവം. സെര്‍വികല്‍ കാന്‍സര്‍ ടെസ്റ്റിനായി പാപ് സ്മിയര്‍ ടെസ്റ്റും സ്തന പരിശോധനയും നടത്താന്‍ സ്ത്രീകള്‍ക്കുളള വൈമുഖ്യമാണ് ഇതിനടിസ്ഥാനം. സ്ത്രീകള്ക്കിടയിലുളള ഇത്തരം ധാരണകളെ മാറ്റിയെടുക്കാന്‍ കഴിയും വിധം ബോധവല്കരണം നടത്താനും പരിശോധനക്ക് തയാറാക്കാനുമാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ തീരുമാനം. ലോകത്ത് സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗര്‍ഭാശയത്തിന്‍െറ പ്രവേശനഭാഗത്തുണ്ടാകുന്ന (സെര്‍വികല്‍) അര്‍ബുദമാണ്. ഖത്തറിലെ വനിതകളിലുണ്ടാകുന്ന അര്‍ബുദങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇതിന്‍െറ സ്ഥാനം. നേരത്തെ കണ്ടത്തെി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ് സെര്‍വിക്കല്‍ കാന്‍സര്‍. എല്ലാ മൂന്ന് വര്‍ഷങ്ങളിലും പാപ് സ്മിയര്‍ ടെസ്റ്റ് നടത്തുന്നത് 90 ശതമാനം കാന്‍സര്‍ കേസുകളും പ്രതിരോധിക്കാന്‍ സഹായകമാകും.
വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ലക്ഷ്യം വെച്ച് പത്യേകം ബോധവല്കരണ പരിപാടികള്‍ നടത്തുമെന്ന് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ഹെല്‍ത്ത് എജ്യുകേഷന്‍ ഓഫീസര്‍ ഹിബ നസര്‍ പറഞ്ഞു. ചിലര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നതിന് വല്ലാതെ മടി കാണിക്കുന്നുണ്ട്. പരിശോധനകള്‍ പ്രശ്നമല്ലാത്തതാണെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്താനാണ് ശ്രമം. ജനുവരി 25ന് ഗ്രാന്റ് ഹയാത്ത് ദോഹ ഹോട്ടലില്‍ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി നടത്തുന്ന പരിപാടിയില്‍ സെര്‍വികല്‍ കാന്‍സറിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കും. ഇതിനു മുന്നോടിയായി പരിശോധനക്ക് വിധേയമാകാന്‍ സ്ത്രീകള്‍ക്കിടയില്‍ ബോധവല്കരണം നടത്തും. അല്‍ വാബിലെ അല്‍ ഹയാത്ത് മെഡിക്കല്‍ സെന്ററിലത്തെി പാപ് സ്മിയര്‍ ടെസ്റ്റ് നടത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് മൂന്ന് പേര്‍ക്ക് സ്വര്‍ണാഭരണങ്ങളും മൂന്ന് പേര്‍ക്ക് വജ്ര മോതിരങ്ങളും വിതരണം ചെയ്യുക. ദമാസ്, മലബാര്‍ ഗോള്‍ഡ് ജ്വല്ലറികളാണ് ഇവ സ്പോണ്സര് ചെയ്യുന്നത്.
പ്രധാനമായി 20നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകളുടെ ഗര്‍ഭാശയ മുഖത്താണ് സെര്‍വികല്‍ കാന്‍സര്‍ ഉണ്ടാകുന്നത്. ഹ്യൂമന്‍ പാപിലോമ വൈറസാണ് ഇവക്ക് പ്രധാനമായി കാരണമാകുന്നത്. പുകവലി, ഗര്‍ഭാശയ മുഖത്തുണ്ടാകുന്ന അണുബാധ, കുടംബത്തില്‍ മറ്റുളളവര്‍ക്കുണ്ടാകുന്ന കാന്‍സര്‍, രണ്ടോ മൂന്നോ പ്രസവത്തിന് ശേഷം ദീര്‍ഘകാലം ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുക തുടങ്ങിയ കാരണങ്ങളാല്‍ സെര്‍വികല്‍ കാന്‍സര്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.