നീലേശ്വരം നഗരസഭയിലെ അഴിത്തല ടൂറിസം വികസന പദ്ധതി പ്രദേശം ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് (ബി.ആര്. ഡി.സി) അധികൃതരും നഗരസഭാ അധികൃതരും സന്ദര്‍ശിച്ചു.അഴിത്തലയില്‍ നഗരസഭയുടെ അധീനതയിലുള്ള 25 സെന്റ് സ്ഥലം ടൂറിസം വികസനത്തിനായി ബി.ആര്.ഡി.സിക്ക് കൈമാറാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. സ്ഥലം കൈമാറ്റനടപടിക്രമം പൂര്‍ത്തിയാകുന്നതോടെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിക്കായി കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 25 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി ബി.ആര്.ഡി.സി മുഖേന അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.അഴിത്തലയില്‍ നഗരസഭ നിര്‍മ്മിച്ച ഡ്രസ്റ്റിംഗ് റൂം ഉള്‍പ്പെടെയുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഈയിടെ സന്ദര്‍ശകരുടെ ഉപയോഗത്തിനായി തുറന്നു കൊടുത്തിരുന്നു. ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തര മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി അഴിത്തല മാറും.ബി.ആര്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത്, മാനേജര്‍ കെ.എം രവീന്ദ്രന്, അസി. മാനേജര്‍ പി.സുനില്‍കുമാര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത, വൈസ് ചെയര്മാന് പി. പി മുഹമ്മദ് റാഫി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി ഗൗരി, കൗണ്‍സിലര്‍ പി കെ ലത, രാജേന്ദ്രന് പി.കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
