ന്യൂഡല്‍ഹി: ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം പോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. താന്‍ നേതൃത്വം കൊടുത്ത സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും മുന്‍പ് സംസ്ഥാനം ഭരിച്ചവരുടെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്. അതോടൊപ്പം, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരുമായിട്ടുള്ള താരതമ്യവും നടത്തി. അതിനെ കേരളത്തിനെതിരെയുള്ള പ്രചാരണമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും കേരളം എന്ന ചെറിയ സംസ്ഥാനം അതിനെക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള യുപിയെക്കാള്‍ മുന്നിലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ നേട്ടം മാത്രമാണെന്ന് പറയുന്നത് ശരിയല്ല. കേരളത്തിലെ ഗുണ്ടാരാജിനെ കുറിച്ചാണ് യോഗി പരാമര്‍ശിച്ചത്. യുപിയില്‍ മുന്‍കാലത്തെ അപേക്ഷിച്ച് ക്രമസമാധാനത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ യോഗിക്ക് കഴിഞ്ഞുവെന്നും മുരളീധരന് പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചാല്‍ എന്താണ് അവസ്ഥയെന്ന് കഴിഞ്ഞ രണ്ട് ദിവസമായി സൈബര്‍ അറ്റാക്ക് നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. യുപി മുഖ്യമന്ത്രിയോട് ആര്‍ക്കും ചോദ്യം ചോദിക്കാമെന്നും അദ്ദേഹം സമാധാനമായി ഉത്തരം നല്‍കുമെന്നും മുരളീധരന് പറഞ്ഞു. യുപിയില്‍ ബലാത്സംഗം നടക്കുന്നതിനെ പരാമര്‍ശിക്കുന്നവര്‍ക്ക് വണ്ടിപ്പെരിയാറിലെ ഡിവൈഎഫ്ഐ നേതാക്കളുടെ ബലാത്സംഗത്തെ കുറിച്ച് മിണ്ടാട്ടമില്ല.
കേരളത്തെക്കുറിച്ചാണ് എന്നുപറഞ്ഞ് നടത്തുന്ന പ്രചാരണവേലയില്‍ കോണ്‍ഗ്രസും വി.ഡി സതീശനും നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന കാര്യങ്ങളെ സതീശനും കോണ്‍ഗ്രസും പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടോയെന്നും മുരളീധരന് ചോദിച്ചു. ബംഗാളിലെ കാര്യത്തിലേക്ക് വന്നാല്‍ തൃണമൂല്‍ ഭരണത്തില്‍ ഒരു കേന്ദ്ര മന്ത്രിക്ക് പോലും രക്ഷയില്ലെന്ന് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും മുരളീധരന് പറഞ്ഞു.