ബദിയടുക്ക : കാസര്‍ഗോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ്ഷോയിലെ കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം ബദിയടുക്കയിലെ ജനങ്ങളെ ആവേശകൊടുമുടിയിലേറ്റി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രത്യയശാസ്ത്രത്തിന്റെ നിലനില്‍പ്പിനും ഗാന്ധി കുടുംബം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ നിലനില്‍പ്പിനുമുള്ള പോരാട്ടത്തിലാണെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. ബിജെപിയുടെ പോരാട്ടം ആത്മനിര്‍ഭര്‍ ഭാരതം സാക്ഷാത്കരിക്കുന്നതിനുവേണ്ടി മാത്രമല്ല മറിച്ച് കേരളത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള ശ്രമത്തിനിടെ ജീവന് നഷ്ടമായ ബലിദാനികള്‍ക്കു വേണ്ടികൂടിയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
കൊറോണക്കാലത്ത് വിദേശത്ത് കുടുങ്ങിയ 50 ലക്ഷത്തോളം പ്രവാസി ഭാരതീയരെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അധികാരമുപയോഗിച്ച് ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചത് ഇടത് മുന്നണിയും കോണ്‍ഗ്രസ്സുമാണ്. കേരളത്തില്‍ ഗുസ്തിയും ബംഗാളില്‍ ചങ്ങാത്തവുമാണ് ഇരുമുന്നണികളും തമ്മിലുള്ളത്. ഒരു മുന്നണി സോളാര്‍ തട്ടിപ്പാണ് നടത്തിയതെങ്കില്‍ മറ്റേ മുന്നണി സ്വര്ണ്ണകടത്താണ് നടത്തിയത്. ഒരു മുന്നണിയുടെ നേതാവ് കടലില്‍ എടുത്തു ചാടുമ്പോള്‍ വേറെ മുന്നണിയുടെ നേതാവ് കടല്‍ തന്നെ വില്‍ക്കുകയാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
ചെണ്ടവാദ്യങ്ങളും കൊടികളും കാവി നിറത്തിലുള്ള ബലൂണുകളും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. രജിസ്ട്രാര്‍ ഓഫീസ് ഗ്രൗണ്ട് പരിസരത്ത് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച റോഡ് ഷോയില്‍ കനത്ത ചൂടിനെയും അവഗണിച്ച് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.