Saturday , January 29 2022
Breaking News

ആസാദി കാ അമൃത് മഹോത്സവ്; ‘ചിരസ്മരണ’, സ്വാതന്ത്ര്യ സമര പഥങ്ങളെയറിഞ്ഞ് വിദ്യാര്‍ഥികള്‍

സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാകും; എ.കെ.എം. അഷറഫ് എം.എല്‍.എ

കാസര്‍കോട് : രാജ്യം സ്വതന്ത്ര്യമായതിന്റെ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന കാസര്‍കോടിന്റെ മണ്ണിനെയറിഞ്ഞു വിദ്യാര്‍ഥികളുടെ യാത്ര. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടു സ്വതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര ചിരസ്മരണ സംഘടിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ നാട് വഹിച്ച പങ്കെന്താണെന്നു ഓരോ സ്ഥലങ്ങളിലും നേരിട്ടെത്തി മനസിലാക്കുകയാണ് വിദ്യാര്‍ഥികള്‍. ഓരോ പ്രദേശത്തെയും വ്യക്തികളില്‍ നിന്നും ലഭിക്കുന്ന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ വിവരങ്ങള്‍ തങ്ങളുടെ കൈകളിലെ പുസ്തകങ്ങളില്‍ എഴുതി ചേര്‍ക്കുമ്പോള്‍ പോയകാല സമരാനുഭവങ്ങളുടെ തീക്ഷ്ണത ഓരോ വിദ്യാര്‍ഥിയും നേരിട്ടറിഞ്ഞു. മഞ്ചേശ്വരത്തെ രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരകമായ ഗിളിവിണ്ടുവില്‍ ആരംഭിച്ച സന്ദേശ സ്മൃതി യാത്ര എ.കെ.എം. അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്‌ക്കാര സമ്പന്നതയുടെയും വൈവിധ്യത്തിന്റെയും മത മൈത്രിയുടെയും മണ്ണില്‍ സ്വാതന്ത്ര സമര ചരിത്രം തേടി ആരംഭിക്കുന്ന യാത്ര കുട്ടികളുടെ ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു. 22 ഭാഷകളില്‍ പ്രാവീണ്യം നേടി അവയില്‍ കവിതകളും നോവലുകളും ജനിച്ച വീട്ടില്‍ നിന്ന് വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ സമര ചരിത്രം തേടി യാത്ര ആരംഭിക്കുമ്പോള്‍ നമ്മുടെ പൂര്‍വ്വികരായ സ്വാതന്ത്ര സമര സേനാനികള്‍ ആഗ്രഹിച്ച ഇന്ത്യ സാധ്യമായോ എന്ന് വിദ്യാര്‍ത്ഥികള്‍ വിചിന്തനം ചെയ്യണമെന്നും എം.എല്‍.എ പറഞ്ഞു.

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മെന്താരോ അധ്യക്ഷയായി. എസ്.എ.ടി സ്‌കൂള്‍ കന്നട അധ്യാപകന്‍ ഗണേഷ് പ്രസാദ് നായ്ക് രാഷ്ട്ര കവി ഗോവിന്ദ പൈ എഴുതിയ ദേശഭക്തിഗാനം ആലപിച്ചു. ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ.ആര്‍ ജയാനന്ദ പ്രഭാഷണം നടത്തി.സര്‍വ്വ ശിക്ഷാ കേരള ഡി.പി.സി. പി. രവീന്ദ്രന്‍, ഡി.ഇ.ഒ ഇ.നന്ദികേശന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഹരി, എച്ച്.എസ്.എസ് കോ ഓഡിനേറ്റര്‍ പി. മോഹനന്‍, എ.ഇ.ഒമാരായ അഗസ്റ്റിന്‍ ബര്‍ണാഡ്, കെ. ശ്രീധരന്‍, ഗണേശന്‍ , ഡയറ്റ് പ്രതിനിധികളായ വിനോദ് കുമാര്‍ പെരുമ്പള, നാരായണന്‍, ഗിരീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍ സ്വാഗതവും മഞ്ചേശ്വരം എ.ഇ.ഒ വി.ദിനേശന്‍ നന്ദിയും പറഞ്ഞു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മെന്താരോ സ്വാതന്ത്ര്യ സമര സന്ദേശയാത്രയുടെ വാഹനം ഗിളിവിണ്ടു പരിസരത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തില്‍ നിന്നും സ്വതന്ത്ര സമരത്തില്‍ ഏറെ പങ്കു വഹിച്ച വനസത്യഗ്രഹ സ്മരണകള്‍ ഉറങ്ങുന്ന കാടകത്തേക്കാണ് വിദ്യാര്‍ഥികളുടെ സംഘം എത്തിയത്. സത്യാഗ്രഹ സമര നാളുകളില്‍ കൃഷ്ണപിള്ളയുടെയും എ. വി.കുഞ്ഞമ്പുവിന്റെയും നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന നാരന്തട്ട തറവാട്ടിലെ പത്തായ പുര നില നിന്ന സ്ഥലത്തെത്തി. ഇവിടുത്തെ 200 വര്‍ഷത്തിലധികം പ്രായമുള്ള.മരമുത്തശ്ശിയെ കണ്ട ശേഷം സ്വതന്ത്ര സമര സന്ദേശ സ്മൃതി യാത്രയുടെ ഓര്‍മ്മക്കായി ഇവിടെ കൂവള മരത്തൈ നട്ടു. തൊട്ടടുത്ത കാറഡുക്ക സ്‌കൂളിലെ പി ടി എ യും അധ്യാപകരും നാരന്തട്ട തറവാട് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വിദ്യാര്ഥികളെ സ്വീകരിച്ചത്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു കാടകത്തെ കുറിച്ചും വനസത്യാഗ്രഹത്തെക്കുറിച്ചുമെല്ലാമുള്ള അറിവുകള്‍ വിദ്യാര്‍ഥികളുമായി പങ്കു വെച്ചു. 1933മുതല്‍ വന നിയമത്തിനെതിരായി സമരമരംഭിച്ചത് മുതല്‍ ജില്ലയിലെ പ്രധാന സ്വാതന്ത്ര്യ സമര കേന്ദ്രമായി കാടകം മറുകയായിരുന്നുവെന്നും ഇന്നത്തെ തലമുറ വനസത്യാഗ്രഹത്തെ കുറിച്ചുള്ള പുതിയ ഗവേഷണങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മല്‍ കാടകം വനസത്യഗ്രഹ സമര നായകരെയും നാരന്തട്ട തറവാടിനെയും പത്തായ പുരയെയും പരിചയപ്പെടുത്തി. കാറഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജനനി, പഞ്ചായത്ത് അംഗങ്ങളായ പ്രസീജ.എ, രൂപ ശ്രീ, ചിത്രകല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, ഹയര്‍.സെക്കണ്ടറി അസി.കോര്‍ഡിനേറ്റര്‍ പി.മോഹനന്‍, എ. ഇ. ഒമാരായ യതീഷ് റൈ, ഗണേഷ്‌കുമാര്‍, കെ.ശ്രീധരന്‍, പി ടി എ പ്രസിഡന്റ് കാടകം മോഹനന്‍, സ്റ്റാഫ് സെക്രട്ടറി കുഞ്ഞമ്പു തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.

തളങ്കര കടവത്ത് ഉെബെദ് സ്മാരകത്തില്‍ നടന്ന സ്വീകരണ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെര്‍മാന്‍ വി.എം.മുനീര്‍ അധ്യക്ഷനായി. കവി പി.എസ് ഹമീദ് ഉബൈദ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.

ഗോവിന്ദ പൈ സ്മാരകത്തില്‍ ആരംഭിച്ച യാത്ര കാടകം നാരന്തട്ട തറവാട്, കാസര്‍കോട് ഉബൈദ് സ്മാരകം, ബേക്കല്‍ കോട്ട, വെള്ളിക്കോത്ത് എന്നിവിടങ്ങളിലാണ് ശനിയാഴ്ച സന്ദര്‍ശിക്കുന്നത്. സമാപന ദിവസമായ ഞായറാഴ്ച എ.സി.കെ ഭവനം, മടിക്കൈ ഏച്ചിക്കാനം തറവാട്, നീലേശ്വം രാജാസ്, കുട്ടമത്ത് ഭവനം, ടി.എസ് തിരുമുമ്പ് ഭവനം എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. വൈകീട്ട് 3.45ന് കയ്യൂര്‍ രക്തസാക്ഷി മഠത്തില്‍ അപ്പു (രക്തസാക്ഷി ഭവനത്തില്‍) നടക്കുന്ന സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …