ഫറ്റോര്‍ഡ: ഐ.എസ്.എല്ലില്‍ ചരിത്രമെഴുതി എ.ടി.കെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈയിന് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ച് എ.ടി.കെ കൊല്‍ക്കത്ത മൂന്നാം കിരീടം സ്വന്തമാക്കി. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മൂന്നു കിരീടം നേടുന്നത്. സ്പാനിഷ് താരംഹാവിയര് ഹെര്‍ണാണ്ടസ് കൊല്‍ക്കത്തയ്ക്കായി ഇരട്ടഗോള്‍ കണ്ടെത്തി…
കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരം അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞതായിരുന്നു. 10ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ലീഡെടുത്ത കൊല്‍ക്കത്തയ്ക്കായി 48ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയും ഗോള്‍ കണ്ടെത്തി. 69ാം മിനിറ്റില്‍ ചെന്നൈയിന് ഒരു ഗോള്‍ തിരിച്ചടിച്ചു. നെരിയൂസ് വാല്‍സ്കിസാണ് ഗോള്‍ സ്കോറര്‍. ഇഞ്ചുറി ടൈമില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി. ഇതോടെ ചെന്നൈയിന്റെ പരാജയത്തിന് ഫൈനല്‍ വിസിലിന്റെ ദൂരം മാത്രമേയുണ്ടായിരുന്നുള്ളു.
റോയ് കൃഷ്ണയുടെ ക്രോസില്‍ നിന്ന് മനോഹരമായൊരു സൈഡ് വോളിയിലൂടെ ആയിരുന്നു ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോള്‍. ഈ സീസണില്‍ ഹെര്‍ണാണ്ടസിന്റെ ആദ്യഗോള്‍ കൂടിയാണിത്.
23ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചു. എന്നാല്‍ ലക്ഷ്യത്തിലെത്തിയില്ല. 38ാം മിനിറ്റില്‍ റോയ് കൃഷ്ണ പരിക്കേറ്റു പുറത്തായതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.