Monday , April 12 2021
Breaking News

കന്യസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ല: ആരോപണം മാത്രമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

ന്യൂഡല്‍ഹി: കന്യസ്ത്രീകള്‍ ഝാന്‍സിയില്‍ ട്രെയിനിനുള്ളില്‍ അക്രമിക്കപ്പെട്ടുവന്നത് ആരോപണം മാത്രമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രെയിനില്‍ ഉണ്ടായെന്ന് പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, അവര്‍ യഥാര്‍ഥ കന്യാസ്ത്രീകള്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണ്,’ പിയുഷ് ഗോയല്‍ പറഞ്ഞു.
എന്നാല്‍ ആള്‍ക്കൂട്ടം എങ്ങനെയാണ് രേഖകള്‍ പരിശോധിക്കുന്നതെന്നും എബിവിപി പ്രവര്‍ത്തകര്‍ക്ക് അതിനുള്ള അധികാരം ഉണ്ടോയെന്നും മന്ത്രി വിശദീകരിച്ചില്ല. നേരത്തെ ഝാന്‍സിയില്‍ കന്യസ്ത്രീകളെ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് കാരണായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വേ മന്ത്രി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യസ്ത്രീകളെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്ബില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു. ഇത് അവഗണിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

മതംമാറ്റാന്‍ നടക്കുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു സംഘം കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണവും നടപടിയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതിനിടെ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

RANDOM NEWS

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീംകോടതി

ന്യൂഡല്‍ഹി : :പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തിയ്ക്ക് അവര്‍ക്കിഷ്ടമുള്ള മതം പിന്തുടരാനുള്ള സ്വാതന്ത്യം തടയാന്‍ ഒരുകാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത …