Saturday , January 29 2022
Breaking News

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, എ.കെ.എം.അഷ്‌റഫ്, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പിന്തുണച്ചു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് മറ്റ് ജില്ലാ ആസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എച്ച്.ആര്‍.എ ഉള്‍പ്പെടയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു..

സര്‍ക്കാര്‍ നടത്തുന്ന വിവിധ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥരും ജീവനക്കാരും തയ്യാറാകണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍, അതിദരിദ്രരെ കണ്ടെത്തുന്നുതിനുള്ള സര്‍വ്വേ, മുന്നോക്കകാരിലെ പിന്നോക്കകാരെ കാണ്ടെത്തുന്നതിനുള്ള സര്‍വ്വെ തുടങ്ങി തദ്ദേശ സ്ഥാപങ്ങളില്‍ പുരോഗമിക്കുന്ന സര്‍വ്വേകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.നിലവില്‍ ജീവനക്കാരുടെ കുറവ് സര്‍വ്വേ നടപടികളുടെ പൂര്‍ത്തീകരണത്തിന് തടസ്സമാകുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് വകുപ്പുകളുടെ ജീവനക്കാരുടെ സഹകരണവും ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ലഭിച്ച അപേക്ഷകള്‍ കളക്ടറേറ്റില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്ന് എം.എല്‍.മാര്‍ യോഗത്തില്‍ പറഞ്ഞു. മതിയായ രേഖകളോടെ ലഭിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയക്ക് സൗകര്യമില്ലാത്ത സാഹചര്യവും വിദഗ്ദ ചികിത്സാ സൗകര്യമുമില്ലെന്ന പരാതിയില്‍ ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നേത്ര ബാങ്ക് ബാങ്ക് തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.

കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കവുങ്ങ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ടെന്നും കര്‍ഷകര്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്ന മുറയ്ക്ക് ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കിഫ്ബി പദ്ധതി പ്രകാരം സ്‌കൂളുകളില്‍ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച പ്രവര്‍ത്തികള്‍ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിന് കിഫ്ബി പദ്ധതിയില്‍ ജില്ലയില്‍ നടപ്പാക്കുന്ന 48 പദ്ധതികളില്‍ 16 പ്രവൃത്തികള്‍ക്ക് എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്നും 17 പ്രവൃത്തികള്‍ റീടെന്‍ഡറിന് വെച്ചിട്ടുണ്ടെന്നും 15 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിക്കാനുണ്ടെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്ററര്‍ അറിയിച്ചു. ജില്ലയില്‍ ഒഴിവുള്ള അസി. എജിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അഡീഷ്ണല്‍ ചാര്‍ജുള്ള അസി. എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി കിഫ്ബി പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഈ പദ്ധതികളുടെ അവലോകനത്തിന് പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ്.ടിപി.റോഡ് പൊതുമവരാമത്ത് വകുപ്പിന് കൈമാറി. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞങ്ങാട്, കാസര്‍കോട് ആയുര്‍വേദ ആശുപത്രികളില്‍ രോഗികള്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാട്ടാനകളെ പ്രതിരോധിക്കുന്നതിന് പരിശീലനം ലഭിച്ച 20 വാച്ചര്‍മാരെ നിയോഗിച്ചതായി ഡി.എഒ അറിയിച്ചു. കാസര്‍കോട് അന്ധ വിദ്യാലയത്തിലെ കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയത് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എല്‍.എ, എം.പി ഫണ്ടുകളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്തു. വിവിധ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പദ്ധതി പുരോഗതി വിലയിരുത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ എന്റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹ്രസ്വചിത്രം റിലീസ് ചെയ്തു. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായി. എം.എല്‍.എമാരായ എം.രാജഗോപാലന്‍ ഇ.ചന്ദ്രശേഖരന്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി വത്സലന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, എ ഡി എം എ കെ രമേന്ദ്രന്‍, കെ.ഡി.പി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എ എസ് മായ, കാസര്‍കോട് എംപി യുടെ പ്രതിനിധി സാജിദ് മൗവ്വല്‍, ആര്‍ഡിഒ അതുല്‍ എസ് നാഥ്, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …