Thursday , May 6 2021
Breaking News

കേരളത്തിന് നബാര്‍ഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു

കാസര്‍കോട് : നബാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായം 202021 ല്‍ സംസ്ഥാനത്തിന് ലഭിച്ചു. 13,425 കോടി രൂപ കേരളത്തില്‍ പുനര്‍വായ്പയിലൂടേയും, നേരിട്ടുള്ള വായ്പയിലൂടെയും നബാര്‍ഡ് വിതരണം ചെയ്തു. 201920 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയാണ് ഇത്. 12,847 കോടി രൂപ പുനര്‍വായ്പയായി കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, കേരള സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കായാണ് നല്‍കിയത്. ഇതില്‍ 9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ ലോണുകള്‍, എം.എസ്.എം.ഇ മേഖലയില്‍ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായി നല്‍കി. 3,595 കോടി രൂപ ദീര്‍ഘകാല വായ്പയായി കാര്‍ഷിക, കാര്‍ഷികേതര അനുബന്ധ മേഖലയിലും, എം.എസ്.എം.ഇ മേഖലയിലും അനുവദിച്ചു.
നബാര്‍ഡ് 30 കോടി രൂപ ഗ്രാന്റ് ധനസഹായമായി ബാങ്കുകള്‍ക്കും, സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്കും സംസ്ഥാന കുടുംബശ്രീ മിഷന്‍ മുഖേനയും വിവിധ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്തു. പാലക്കാട്, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നീര്‍ത്തട വികസന പദ്ധതികള്‍ക്കായി 12 കോടി രൂപയും നല്‍കി. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് കേരളാ കോഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണ ബാങ്ക് എന്നിവയ്ക്ക് മൊബൈല്‍ വാനുകള്‍ക്കും മൈക്രോ എ.ടി.എമ്മുകള്‍ക്കുമായി നല്‍കിയ നാല് കോടി രൂപ ധനസഹായവും ഇതില്‍ ഉള്‍പ്പെടും. കൂടാതെ പട്ടിക വര്‍ഗ വികസന പദ്ധതികള്‍ക്കും മൈക്രോ ക്രെഡിറ്റ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് കോടി രൂപ വീതം സഹായം അനുവദിച്ചു.
കൈത്തറിമേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് എക്‌സിബിഷനുകള്‍, കര്‍ഷക ഉല്പാദകസംഘങ്ങളുടെ വളര്‍ച്ചയ്ക്കും, സ്വയംപര്യാപ്തയ്ക്കും നല്‍കുന്ന ഗ്രാന്റ് സഹായം, കോഓപ്പറേറ്റീവ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് സഹായം എന്നിവയും നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളാണ്.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …