ന്യൂഡല്‍ഹി : ദൈനംദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളത്. കോവിഡ് വാക്സിനേഷന് നടപടികള്‍ തുടരുന്നതിനിടെയാണ് ഈ ഉയര്‍ച്ച.
ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയ്ക്ക് സമാനമായി പഞ്ചാബിലും മധ്യപ്രദേശിനും ഛത്തീസ്ഗഢിലും ഒരാഴ്ചക്കിടെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിനിലെ പോരായ്മയാണ് മഹാരാഷ്ട്രയിലെ വര്‍ധനവിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയ ശേഷം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി ഇതുവരെ 1.07 കോടിയിലധികം പേര്‍ക്ക് വാക്സിന് നല്‍കിയെന്നും കേന്ദ്രം അറിയിച്ചു.