Thursday , May 6 2021
Breaking News

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള അന്തരിച്ചു

കൊല്ലം : കേരള കോണ്‍ഗ്രസ് സ്ഥാപന നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള (88) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച വൈകിട്ടോടെയാണ് മോശമായത്. തിങ്കളാഴ്ച പുലര്‍ച്ചെയാമ് മരണം. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് വാളകതത്തെ വീട്ടുവളപ്പില്‍.
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍, മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍ എസ് എസ്) ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് അംഗമാണ്. മകനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിനായി പത്തനാപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.

ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണ പള്ളയാണ് പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചും മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനാണ് 1934 ഏപ്രില്‍ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിള്ളയുടെ ജനനം.

വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തന രംഗത്തെത്തി. തിരുവിതാംകൂര്‍ സ്റ്റുഡന്‍സ് യൂണിയനില്‍ (പിന്നീട് തിരുകൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്‍) പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ അണി ചേര്‍ന്ന് കെ പി സി സി – എ ഐസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ അംഗമായി. 1964 ല്‍ കെ എം ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കി കോണ്‍ഗ്രസ് വിട്ടിറങ്ങിയ 15 നിയസഭാംഗങ്ങളില്‍ ഒരാളായി.

ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു അദ്ദേഹം. കെ എം ജോര്‍ജിന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളരുകയും 1977 ല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.

1960 ല്‍ 25ാം വയസിലാണ് പത്തനാപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1967 ല്‍ കൊട്ടാരക്കരയില്‍ നിന്ന് വിജയിച്ചെങ്കിലും 196 ലും 1970ലും പരാജയപ്പെട്ടു. 1091 ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊട്ടാരക്കരയില്‍ നിന്ന് ജയിച്ചു. 2006 ല്‍ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു.

1975 അച്യുതമേനോന്‍ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. ഗതാഗത-എക്‌സൈസ് വകുപ്പുകളായിരുന്നു. പിന്നീട് ഇ കെ നായനാര്‍, കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി. പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന പേരില്‍ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹത്തിനുണ്ടായി.

1982-87 ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ സുപ്രിംകോടതി അദ്ദേഹത്തെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ഇതോടെ പിള്ള. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാര്‍ക്കൊപ്പം ജയില്‍ മോചിതനായി.

കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എം എല്‍ എയും അദ്ദേഹമാണ്. 1964 മുതല്‍ 87 വരെ തുടര്‍ച്ചയായി ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതല വഹിച്ചു.

1980 ല്‍ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെക്കോര്‍ഡായി കുറേക്കാലം നിലനിന്നു. നായനാരുടെ ആദ്യ മന്ത്രിസഭയില്‍ പിള്ളയുമുണ്ടായിരുന്നു. 1982 ലാണ് വീണ്ടും യു ഡി എഫിലെത്തിയത്. പ്രിസണര്‍ 5990 എന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. അണിചേരുന്ന മുന്നണികള്‍ക്കുപരി വ്യത്യസ്തമാര്‍ന്ന നിലപാടുകള്‍ ഉറപ്പിക്കുന്ന അഭിപ്രായ പ്രകടനവുമായി കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായി നിലകൊണ്ട രാഷ്ട്രീയ നേതാവ് കൂടിയാണ് ബാലകൃഷ്ണപിള്ള.

2018ല്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) വീണ്ടും എല്‍ ഡി എഫിലെത്തി. രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്. ഇവളൊരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മ്മിച്ച നീലസാരിയിലും ചെറിയ വേഷത്തിലെത്തി. 1980 ല്‍ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ വെടിക്കെട്ടിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. വെടിക്കെട്ടില്‍ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി.

പരേതയായ ആര്‍ വത്സലയാണ് ഭാര്യ. ഉഷ മോഹന്‍ദാസ്, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍ : കെ മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബൈ), ടി ബാലകൃഷ്ണന്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി).

RANDOM NEWS

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് …