Monday , April 12 2021
Breaking News

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; നിയമം ലംഘിച്ചാല്‍ കേസെടുക്കും

കാസര്‍കോട് : ഗുരുതരമായ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ള കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. മാസ്‌ക്, സാമൂഹിക അകലം, കൂട്ടം ചേരല്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസിനും ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനൊപ്പം പരിശോധനകള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, പോളിംഗ് ഏജന്റുമാര്‍ അടക്കമുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയോ സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.
45 വയസ്സ് കഴിഞ്ഞ മുഴുവനാളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ഊര്‍ജിതമാക്കും. ഇതിന്റെ ഭാഗമായി കോവിഡ് വാക്‌സിനേഷന് ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കും.
ആരോഗ്യ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ഡി.എം.ഒ (ആരോഗ്യം) ഡോ. വി. രാംദാസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏപ്രില്‍ 13നകം രണ്ടാം ഡോസ് സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജീവനക്കാര്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണം.
സിവില്‍ സ്റ്റേഷനുകളിലും താലൂക്ക് ഓഫീസുകളിലും വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തും. എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടര്‍ അറിയിച്ചു.
എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ജില്ലയില്‍ തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂര്‍ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതല്‍ രോഗികള്‍.
വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നിലവിലുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കുട്ടികള്‍ കൂട്ടം കൂടി ഫുട്‌ബോള്‍ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാല്‍ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി.
ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വ്യാപാരികള്‍, കടകളിലെ ജീവനക്കാര്‍, പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാര്‍സല്‍ മാത്രം വിതരണം ചെയ്യണം. തട്ടുകടകളില്‍ ഉള്‍പ്പടെ എല്ലാ കടകളില്‍ ഉള്‍പ്പടെ മാസ്‌കും കയ്യുറയും നിര്‍ബന്ധമാക്കി.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളേയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പില്‍ താല്‍ക്കാലികമായി നഴ്‌സുമാരെ നിയമിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ യോഗത്തില്‍ എ.ഡി.എം അതുല്‍ എസ്. നാഥ്, കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …