തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ നോക്കിയതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ ഒരു മാസത്തെ സമയപരിധി തള്ളിക്കൊണ്ട് കോടിയേരി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയപ്രഖ്യാപനത്തിന്റെ തലേന്ന് ഉണ്ടായ പ്രതിസന്ധി ഗവര്‍ണര്‍ തന്നെ തിരുത്തി. ഗവര്‍ണര്‍ക്ക് ഏതു കാര്യത്തിലും അഭിപ്രായം ചോദിക്കാന്‍ അവകാശമുണ്ട്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ചോദിച്ചതാണെങ്കില്‍ അതില്‍ തെറ്റില്ല. അദ്ദേഹം അടുത്തകാലത്തായിരിക്കും പേഴ്സണല്‍ സ്റ്റാഫിനെ സംബന്ധിച്ച കാര്യം മനസ്സിലാക്കിയത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ചോദ്യത്തില്‍ തെറ്റില്ല. 1984 മുതല്‍ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് ഇവിടെ പെന്‍ഷനുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ആദ്യത്തെ ആളെ മാറ്റി പുതിയ ആളെ നിയമിക്കുന്നു എന്നത് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോപണമാണ്.
പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ ഒരു മാസത്തെ സമയം അനുവദിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്ന് കോടിയേരി പ്രതികരിച്ചു. പെന്ഷന് നിര്‍ത്തലാക്കാന്‍ സാധിക്കില്ല. അതു തുടരും. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറല്ല സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.