Friday , June 18 2021
Breaking News

ജില്ലയില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണം ; പരിശോധന കര്‍ശനമാക്കി പോലീസ്

കാസര്‍കോട് : ജില്ലയില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണം. ഉള്‍പ്രദേശങ്ങളിലടക്കം പോലീസ് ബാരിക്കേഡ് വെച്ച് പരിശോധന നടത്തി വരുന്നു. സത്യവാങ്മൂലം കയ്യില്‍ കരുതയവരെ മാത്രമാണ് ആശുപത്രി ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകാന്‍ അനുവദിക്കുന്നത്. ഇളവുകള്‍ അനുവദിച്ച കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. ടാക്‌സികളും ഓട്ടോകളും അത്യാവശ്യ സര്‍വ്വീസ് മാത്രം നടത്തുന്നു. കാസര്‍കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പോലീസ് ബാരിക്കേഡ് വെച്ച് പരിശോധന നടത്തുന്നുണ്ട്. കറന്തക്കാട് ദേശീയപാതയില്‍ ജില്ലാ പോലീസ് മേധാവി പി ബി രാജീവിന്റെ നേതൃത്വത്തില്‍ രാവിലെ പരിശോധന നടത്തി. വാഹന യാത്രക്കാര്‍ക്ക് അദ്ദേഹം ബോധവല്‍ക്കരണം നല്‍കി. രോഗിയുടെ കൂടെ സഹായിയായി ഒരാളെ മാത്രമാണ് അനുവദിക്കുന്നത്. വാഹനങ്ങളില്‍ അധികംപേരെ കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

ജില്ലയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഏഴ് റോഡുകള്‍ പൂര്‍ണ്ണമായും അടച്ചു. 17 സ്ഥലത്ത് കനത്ത പരിശോധന ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തലപ്പാടി അതിര്‍ത്തിയില്‍ പരിശോധന ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് പരിശോധന രേഖ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. ചരക്ക് വാഹനങ്ങള്‍ പൂര്‍ണ്ണമായും കടത്തിവിടുന്നു. ജില്ലയില്‍ 75 സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നു. 48 ബൈക്ക് പട്രോളിങ്ങും വിവിധ ഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് വനിതാ പോലീസുകാരും ബൈക്കുകളില്‍ പരിശോധനക്കിറങ്ങി. 51 ഇടങ്ങളില്‍ മൊബൈല്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. ഇവിടെ ആളുകളെ പുറത്തിറങ്ങാനോ പ്രവേശിക്കാനോ അനുവദിക്കില്ല. ഈ ഭാഗങ്ങളില്‍ പോലീസിനെ സഹായിക്കാന്‍ 186 വൊളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്. മരുന്നുകളും ആവശ്യമായ സാധനങ്ങളും അതാത് പോലീസ് സ്റ്റേഷനുകളില്‍ അറിയിച്ചാല്‍ എത്തിച്ചുനല്‍കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …