നീലേശ്വരം : കേരളത്തില്‍നിന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ടീം ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ തന്നെ ജോലി നല്‍കുമെന്ന് വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2010 മുതല്‍ 14 വരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കിയതായി മന്ത്രി പറഞ്ഞു. ഇനി 2014 മുതല്‍ 2019 വരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്ക് ഒരു വര്‍ഷം 50 പേര്‍ക്ക് വീതം ജോലി നല്‍കും. ഇതിന്റെ നടപടി പുരോഗമിക്കുന്നു. കിഫ്ബിയില്‍ നിന്ന് 1000 കോടി മുടക്കി എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ നിന്ന് 17.04 കോടി രൂപയുടെ അനുമതി ലഭിച്ച് കായിക വകുപ്പ് നിര്‍മ്മിക്കുന്നതാണ് നീലേശ്വരം സ്റ്റേഡിയം. ഫിഫ മാനദണ്ഡ പ്രകാരമുള്ള ഫുട്ബോള്‍ കളിസ്ഥലം, 8 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഔട്ട്ഡോര്‍ സിന്തറ്റിക് ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ഔട്ട്ഡോര്‍ സിന്തറ്റിക് വോളിബോള്‍ കോര്‍ട്ട്, പവലിയന് കെട്ടിടം, അമിനിറ്റി സെന്റര്‍, സ്വിമ്മിംഗ് പൂള്, ചേഞ്ച് റൂം എന്നീ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ പണി കഴിപ്പിച്ച ഫുട്ബോള്‍ കളിസ്ഥലം, സ്വിമ്മിംഗ് പൂള്, ചേഞ്ച് റൂം, പവലിയന് കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിറ്റ്കോ ലിമിറ്റഡ് മുഖാന്തിരമാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് വിശിഷ്ടാതിഥിയായി.
കായിക യുവജന കാര്യാലയം പ്രൊജക്റ്റ് എഞ്ചിനീയര്‍ എ. അഭിജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, കൗണ്‍സിലര്‍ വി.വി. ശ്രീജ, മുന്‍ എം.പി. പി. കരുണാകരന്, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍ (സി.പി.ഐഎം), കെവി സുധാകരന് (കോണ്‍ഗ്രസ് ഐ), പി. വിജയകുമാര്‍ (സി.പി.ഐ), വെങ്ങാട്ട് കുഞ്ഞിരാമന് (ബിജെപി), കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (കേരള കോണ്‍ഗ്രസ് എം), സി. ബാലന് (എന്‍.സി.പി), സുരേഷ് പുതിയേടത്ത് (ജനതാദള്‍), കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍ (കോണ്‍ഗ്രസ് എസ്), റസാഖ് പുഴക്കര (ഐഎന്‍എല്‍) എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന് സ്വാഗതവും കിറ്റ്കോ ഗ്രൂപ്പ് ഹെഡ് ജി. രാകേഷ് നന്ദിയും പറഞ്ഞു.