Friday , February 26 2021
Breaking News

ഡെങ്കിപ്പനി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി ആരോഗ്യവകുപ്പ്

കാസര്‍കോട് : മലയോരമേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്. മലയോര പ്രദേശങ്ങളായ വെസ്റ്റ് എളേരി, കുറ്റിക്കോല്‍, പാണത്തൂര്‍, നര്‍ക്കിലക്കാട്, ബേഡഡുക്ക ഇനി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാരും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും സംയുക്തമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പ്രസ്തുത പ്രദേശങ്ങളില്‍ നടത്തി വരുന്നു ഇത്തരം സ്ഥലങ്ങളില്‍ കാണപ്പെടുന്ന
ചിരട്ട , മുട്ടത്തോട് , ടയര്‍ , വീടിനു പരിസരത്തും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കവുങ്ങിന്‍ തോട്ടങ്ങലെ പാളകള്‍ ,വീടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍ ,കവുങ്ങിന്‍ തോട്ടങ്ങളിലെ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന ജലസേചനം, റബ്ബര്‍ ചിരട്ടകള്‍, കൊക്കോ ചെടികളുടെ കായ ഇലകള്‍ എന്നിവയാണ് പ്രധാനമായും മലയോരമേഖലകളില്‍ ഇത്തവണത്തെ പ്രധാന ഉറവിടങ്ങള്‍ ആയി കണ്ടെത്തിയിട്ടുള്ളത്. ആയതിനാല്‍ തോട്ടം ഉടമകള്‍ മറ്റ് ബന്ധപ്പെട്ടവര്‍ ഉറവിട നശീകരണത്തിനു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
വേനല്‍ മഴ ലഭിച്ച സ്ഥലങ്ങളില്‍ ധാരാളം ഉറവിടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനങ്ങളുടെയും പൂര്‍ണ്ണമായ സഹകരണത്തോടെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്തി ഉറവിടങ്ങള്‍ നശിപ്പിക്കേണ്ടതും കൂടാതെ വേനല്‍ക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശേഖരിച്ചു വയ്ക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണ്ണമായും ഒഴുക്കി കളഞ്ഞു പാത്രം ശുചിയാക്കി വെള്ളം ശേഖരിക്കേണ്ടതും ആണ്.
ഈഡിസ് കൊതുകു കടിയില്‍ നിന്നും രക്ഷനേടുന്നതിനായി ലേപനങ്ങള്‍ പുരട്ടി തോട്ടങ്ങളിലും മറ്റും ജോലിക്ക് പോകുന്നതും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും സ്വയം രക്ഷക്ക് നല്ലതാണ് ലോക്ക് ഡൌണ്‍ കാലയളവില്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ചെയ്യാവുന്ന പരമാവധി ഉറവിട നശീകരണപ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സദാ വ്യാപൃതര്‍ ആകേണ്ടതാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നര്‍ക്കിലക്കാട് കുറ്റിക്കോല്‍ പനത്തടി ചിറ്റാരിക്കല്‍ എന്നീ സ്ഥലങ്ങളില്‍ ഫോഗിങ് നടത്തിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനവും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു . ഡെങ്കി പനി പ്രതിരോധത്തിന് ഡെങ്കു ഡൗണ്‍ (Dengue Down) ചലഞ്ചുമായി ആരോഗ്യവകുപ്പ്

കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ വീട്ടിലിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നത്തിനായി ഡെങ്കു ഡൗണ്‍ ചലഞ്ചുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഇതിന്റെ ഭാഗമായി വീടിന് ചുറ്റുമുള്ള കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുകയും അതിന്റെ ഫോട്ടോയും കൂടാതെ ആ ഉറവിടം ഇല്ലാതാക്കിയ ശേഷമുള്ള ഫോട്ടോയും എടുത്ത് താഴെ കൊടുത്തിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക. ഏറ്റവും മികച്ച തെരഞ്ഞെടുത്ത ഫോട്ടോ അയക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതായിരിക്കും.
പ്രത്യേകം ശ്രദ്ധിക്കുക: ഫോട്ടോ നല്‍കുമ്പോള്‍ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ പേരും, വാര്‍ഡ് നമ്പരും തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും അറിയിക്കണം
വാട്ട്‌സപ്പ് നമ്പര്‍6282154544, [email protected]
ഫോട്ടോ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 30

RANDOM NEWS

തെരഞ്ഞെടുപ്പ് ചെലവുകള്‍: അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസര്‍കോട് : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്‌സിക്യുട്ടീവ് …