വാഷിംഗ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തോല്പിക്കാന് ചൈന അവര്‍ക്കാവുന്നതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിക്കു നല്കിയ അഭിമുഖത്തിലാണ് ട്രംപ് ചൈനയ്ക്കെതിരെ തുറന്നടിച്ചത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് യുഎസില്‍നിന്ന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. എങ്ങിനെയാണു കൊറോണ വൈറസ് പടര്‍ന്നതെന്ന് ലോകത്തിനു മുന്നില്‍ അവര്‍ക്ക് അധികം താമസിയാതെ തന്നെ പറയേണ്ടി വരും.
കൊറോണ വ്യാപനം മൂലം യുഎസിനുണ്ടായ തിരിച്ചടികള്‍ക്കു ചൈനയില്‍നിന്നു നഷ്ടപരിഹാരം തേടുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാല്‍ എന്തു നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എന്താണു സംഭവിച്ചതെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ചൈന അവര്‍ക്കാവുന്നതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ജയിക്കണമെന്നാണു ചൈന ആഗ്രഹിക്കുന്നത്. ബൈഡന് ജയിക്കുമെന്ന തരത്തില്‍ പുറത്തുവരുന്ന പഠനങ്ങളില്‍ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു.
യുഎസിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. കഴിവില്ലാത്ത ഒരാളെ അവര്‍ തിരഞ്ഞെടുക്കുമെന്നു കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഫ്ളോറിഡ, വിന്‍കോസിന്‍, അരിസോണ തുടങ്ങി നിര്‍ണായക സംസ്ഥാനങ്ങളില്‍ ട്രംപിനു വിജയിക്കാനാവുമോ എന്ന് സഹായികള്‍ക്കു തന്നെ സംശയമുണ്ട്. മിഷിഗനില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം വുഹാനിലെ ലാബില്നിന്നാണെന്നു വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ അതേക്കുറിച്ചു ശക്തമായ അന്വേഷണമാണ് യുഎസ്എ നടത്തുന്നത്.
വൈറസിനെ തുടക്കത്തില്‍ തന്നെ നശിപ്പിക്കാതിരുന്ന ചൈനീസ് നടപടിയാണ് ലോകമെമ്പാടും രോഗവ്യാപനത്തിനു കാരണമായതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.