സീതാംഗോളി : പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പാവങ്ങളുടെ കണ്‍കണ്ട ദൈവങ്ങളില്‍ ഒരാളുമായ സായിറാം ഗോപാലകൃഷ്ണ ഭട്ട് (85) അന്തരിച്ചു. ഇന്നുച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. നീര്ച്ചാല് കിളിംഗാറിലെ സായിസദനില് ആയിരുന്നു താമസം. വീടില്ലാത്തവര്‍ക്കായി സ്വന്തം ചെലവില്‍ 260ഓളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. തൊഴിലില്ലാത്ത പാവപ്പെട്ടവര്‍ക്കായി 500ല്‍പരം തയ്യല്‍മെഷീനുകള്‍, ഓട്ടോറിക്ഷ എന്നിവയു വിതരണം ചെയ്തിട്ടുണ്ട്. സ്വന്തം നിലയ്ക്ക് വീടിനു സമീപത്തായി പാവപ്പെട്ടവര്‍ക്കായി ആശുപത്രി, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയും നടത്തുന്നുണ്ട്. ദീര്‍ഘകാലമായി സൗജന്യമായി മെഡിക്കല്‍ ക്യാമ്പുകളും നടത്തിവരുന്ന സായിറാംഭട്ട് നിരവധി തവണ സമൂഹ കല്യാണങ്ങള്‍ക്കും നേതൃത്വം നല്കി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 12 കുടിവെള്ള പദ്ധതികള്‍ 100 വീടുകളുടെ വൈദ്യുതീകരണം ആറുപേര്‍ക്ക് വീടുവെക്കാന്‍ ഭൂമി, സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം പുസ്തകങ്ങള്‍ തുടങ്ങിയവ നല്‍കിയും സായിറാംഭട്ട് ശ്രദ്ധേയനായിട്ടുണ്ട്. ഭാര്യ : ശാരദ ഭട്ട്. മക്കള്‍ : കെ എന്‍ കൃഷ്ണഭട്ട്, വാസന്തി, ശ്യാമള.
