Monday , May 16 2022
Breaking News

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ എല്ലാ ബുധനാഴ്ചയും ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും ഖാദി വസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സ്വാതന്ത്ര്യ സമരവുമായ ബന്ധപ്പെട്ട പേരാണ് ഖാദി . നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാഷ, മതം, വേഷം, ദേശം എന്നിങ്ങനെ പല കാരണങ്ങളാല്‍ ഭിന്നിക്കപ്പെട്ട ജനതയെ ഒറ്റ കണ്ണിയില്‍ കോര്‍ത്തിണക്കാന്‍ ദേശീയ പ്രസ്ഥാനം ആവിഷ്‌കരിച്ച ഒരു പ്രസ്ഥാനമാണ് ഖാദി . അതിന്റെ അലയൊലികള്‍ രാജ്യത്ത് ആകമാനം ഉണ്ടായി. പയ്യന്നുരിലും പരുത്തി കൊണ്ട് വസ്ത്രങ്ങള്‍ ഉണ്ടാക്കി. ആ പയ്യന്നുരിന്റെ അടുത്ത സ്ഥലമാണ് വലിയ പറമ്പ. ഇന്ന് നൂറ് വര്‍ഷം പിന്നിടുമ്പോള്‍ ഖാദി മേഖല വലിയ പ്രതിസന്ധിയിലാണ്. കോവിഡ് മഹാമാരി ഖാദി മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായി. വളരെ കുറഞ്ഞ കൂലിയാണ് ഖാദി മേഖലയിലുള്ളത്. ഈ തൊഴിലില്‍ ആശ്രയിക്കുന്നവരെ പരമദരിദ്രമായ ദുരവസ്ഥയില്‍ നിന്ന് രക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഓഫിസുകളില്‍ ജീവനക്കാര്‍ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണം എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഖാദി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇത് ഊര്‍ജം പകരും. സര്‍ക്കാര്‍ ഓഫീസുകളില്‍ പല സംഘടനകള്‍ ഉണ്ടാകും. അവര്‍ക്ക് വിവിധ കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഖാദി വസ്ത്രം ധരിക്കുന്ന കാര്യത്തില്‍ എല്ലാവരും ഒരേ മനസോടെ നിലകൊണ്ടു. ഭാരതത്തിലെ എല്ലാവരുടെയും ഉളളില്‍ ഖാദി ഒരു വികാരമാണ്. അതുകൊണ്ടു തന്നെ കേരളം പോലൊരു സംസ്ഥാനം ഇക്കാര്യത്തില്‍ എല്ലാ ഭിന്നതകളും മറന്ന് ഒത്തുചേരും. അതുകൊണ്ടാണ് എല്ലാവരും ഇതില്‍ പങ്കു ചേരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ പറമ്പ ഗ്രാമ പഞ്ചായത്തും ഈ തീരുമാനം എടുത്തിരിക്കുന്നത്. പഞ്ചായത്തുകളില്‍ മാത്രം ഖാദി പോര സ്‌കൂള്‍ അധ്യാപകരും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.പി. സജീവന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി ശ്യാമള, സെക്രട്ടറി എം.പി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്കു വേണ്ടി സെക്രട്ടറി എം.പി വിനോദ് കുമാറും, ഭരണ സമിതിക്കു വേണ്ടി വൈസ് പ്രസിഡന്റ് പി.ശ്യാമളയും ഖാദി വസ്ത്രം ഏറ്റുവാങ്ങി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ട്യാല, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് ചെയര്‍ പേഴ്‌സണ്‍ ഇ.കെ മല്ലിക, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ഭരണ സമിതി അംഗം എം.അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

ഖാദി മേഖല സമ്പൂര്‍ണ മാറ്റത്തിലേക്കെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ് . ആധുനിക വസ്ത്രധാരണ രീതിയ്ക്ക് അനുയോജ്യമായി പാന്റ്‌സ് വിപണിയിലെത്തിക്കും. കുട്ടി കുപ്പായങ്ങള്‍, സ്ത്രീകള്‍ക്കുള്ള ടോപ്പുകള്‍, പര്‍ദ എന്നിവയും ഖാദി ബോര്‍ഡ് വിപണിയിലെത്തിക്കും . വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ മുതല്‍ ഇവ വിപണിയില്‍ എത്തും. ഖാദി വസ്ത്രങ്ങള്‍ക്ക് പഴയ ഡിസൈന്‍ ആണെന്നതാണ് മറ്റൊരു പരാതി. എന്നാല്‍ ഏറ്റവും പുതിയ ഡിസൈനുകളില്‍ ഖാദി വസ്ത്രങ്ങള്‍ മാര്‍ക്കറ്റിലെത്തും. ഖാദി വസ്ത്രങ്ങള്‍ക്ക് പണം കൂടുതലാണ് എന്ന പരാതിയുണ്ട് . വില കൂടുതല്‍ ആണെങ്കിലും ഗുണമാണ് പ്രധാനം. കടുത്ത ചൂടിലും കടുത്ത തണുപ്പിലും അതിനെ ക്രമീകരിക്കാന്‍ പറ്റുന്ന പരിസ്ഥിതി സൗഹൃദമായ വസ്ത്രമാണ് ഖാദിയെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …