കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതലവണ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. രാജപുരം പോലീസ് സ്റ്റേഷന് പരിധിയിലെ കെ ഭാസ്ക്കരനെ (40)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ സുരേഷ്കുമാര്‍ ശിക്ഷിച്ചത്.
2018ലാണ് സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിലും ശൗചാലയത്തിലും വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്.
രാജപുരം എസ് ഐ മരായാരുന്ന എം വി ശ്രീജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും എ പി ജയശങ്കര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഐ പി സി 376 വകുപ്പിലും പോക്സോ വകുപ്പിലുമായി പത്തു വര്‍ഷം വീതമാണ് കഠിനതടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രണ്ടു വകുപ്പുകളിലുമായി ഒരു ലക്ഷം രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. രണ്ടു മാസം മുമ്പാണ് വിചാരണ തുടങ്ങിയത്. 13 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി ബിന്ദു കോടതിയില്‍ ഹാജരായി. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതിയെ ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കയച്ചു.