ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനയുടെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വസ്ത്രവ്യാപാരി ബഷീറിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ആദരം .കുണ്ടംകുഴിയില്‍ ടെക്സ്റ്റയില്‍ കട നടത്തുന്ന എ.ബഷീര്‍ തന്റെ കടയില്‍ ഉണ്ടാവുന്ന അജൈവ മാലിന്യങ്ങളൊക്കെ തരം തിരിച്ച് വൃത്തിയാക്കി എല്ലാ മാസവും സ്വന്തം ചെലവില്‍ നെല്ലിയടുക്കത്തെ പ്ലാസ്റ്റിക്ക് ഷ്രഡിംങ്ങ് യൂനിറ്റില്‍ എത്തിക്കും. കൂടാതെ പ്രതിമാസ യൂസര്‍ഫീ 100 രൂപ മുടങ്ങാതെ ഹരിത കര്‍മ സേനയ്ക്ക് നല്‍കുകയും ചെയ്താണ് ബഷീര്‍ മാതൃകയായത്.
8 വര്‍ഷമായി കുണ്ടംകുഴിയില്‍ കച്ചവടം നടത്തി വരുന്ന ബഷീര്‍ ഹരിത കര്‍മ സേനയുടെ തുടക്കം മുതല്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. നാടിന് വേണ്ടി് തന്റെ കടമ മാത്രമാണിതെന്നും ബേഡകത്തിന്റെ പദ്ധതികളില്‍ ഇനിയും പങ്കാളിയാകുമെന്നും ബഷീര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യയും കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ ടി ടി സുരേന്ദ്രനും ചേര്‍ന്ന് ഉപഹാരം നല്കി. കെ.പ്രദീപന് . ,എം അനന്തന്, എ മാധവന്, ഡിപിസി സര്‍ക്കാര്‍ പ്രതിനിധി അഡ്വ. സി രാമചന്ദ്രന് ,പി കെ ഗോപാലന്, കെ മുരളിധരന് , ഗുലാബി, ശ്രീജ കല്ലളി തുടങ്ങിയവര്‍ പങ്കെടുത്തു.
