മഞ്ചേശ്വരം: ഭവനനിര്‍മ്മാണത്തിനു ംകാര്ഷിക മേഖലയ്ക്കും പ്രഥമപരിഗണന നല്കിമഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. സേവന പശ്ചാത്തല മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കായി തുക വകയിരുത്തി യുള്ളതാണ് ബജറ്റ്. 31, 88,18,008 രൂപ വരവും 31 8330008 രൂപ ചിലവും 488000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ്പികെമുഹമ്മദ് ഹനീഫ് ആണ് അവതരിപ്പിച്ചത്. വിവിധവകുപ്പുകളിലൂടെ ധനസഹായം ലഭിച്ച വീട് പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്കി ബ്ലോക്ക് പഞ്ചായത്ത് ഇത്തരംകുടുംബങ്ങള്ക്ക് ആശ്രയംനല്കും. എംജിഎന് ആര്‍ജിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാനിറ്ററിസൗകര്യമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും സാനിറ്ററി സൗകര്യം ലഭ്യമാക്കും. ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ തരിശുഭൂമിയും കൃഷിക്ക് ഉപയുക്തമാക്കും വിധം തരിശുരഹിത മഞ്ചേശ്വരം എന്ന പദ്ധതി നടപ്പിലാക്കും. പത്ത് മുതല്‍ 25 വരെ കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക സമിതികള്‍ രൂപീകരിച്ച് കാര്‍ഷികോല്‍പ്പാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കും. തരിശുഭൂമി ഉള്‍പ്പെടെ മുഴുവന്‍ കൃഷിഭൂമികളും കണ്ടെത്തി വിവിധ പ്രദേശങ്ങളില്‍ കാര്‍ഷിക കര്‍മ്മ സമിതികള്‍ രൂപീകരിക്കും. നല്ലയിനം വിത്തുകളും ജൈവവളങ്ങളും പ്രദാനം ചെയ്തുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ മണ്മറഞ്ഞുപോയ കാര്‍ഷിക പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരും. ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിക്കുന്നതിന് ക്ലീന്‍ കേരള സമിതിയുടെ സഹായത്തോടെ നൂതന പദ്ധതികള്‍ ആരംഭിക്കും. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ പൊതുകുളങ്ങള്സംരക്ഷിക്കും.
സ്വകാര്യ കുളങ്ങള്‍ സംരക്ഷിക്കുന്നതിന് വിപുലമായ ബോധവല്‍ക്കരണം നടത്തും. മംഗല്പാടി താലൂക്ക് ആസ്പത്രിയില്‍ ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. മുഴുവന്‍ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കീഴില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെനടത്തും ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായകുട്ടികളെയും കണ്ടെത്തി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി സ്കോളര്‍ഷിപ്പ് നല്‍കും. ബധിരമൂക വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തി നായുള്ള ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രെയിലി ലാപ്ടോപ്പ് നല്‍കും. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിട്ടോറിയസ് സ്കോളര്‍ഷിപ്പ്, വിദ്യാപീഠം പഠനമുറി എന്നീ പദ്ധതികള്‍ ആരംഭിക്കും. മഞ്ചേശ്വരത്തിന്റെ ടൂറിസം വികസനത്തിന് അനന്തമായ സാധ്യതയുള്ള ഇടമാണ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്. വിനോദസഞ്ചാരികള്‍ കടന്നുപോകുന്ന ഇവിടെ റെയില്‍വേയുടെ അനുമതിയോടെ ചരിത്ര പ്രാധാന്യമര്ഹിക്കുന്നസ്ഥലങ്ങളെ കുറിച്ചുള്ള വിവരണ ബോര്‍ഡുകള്‍ ബഹുജന പങ്കാളിത്തത്തോടെ സ്ഥാപിക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പഠനമുറി, മെറിട്ടോറിയസ് സ്കോളര്‍ഷിപ്പ്, വിദേശത്ത് തൊഴില്‍ കണ്ടെത്തുന്നതിന് സഹായം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഭിന്നശേഷിക്കാരായ ആളുകളുടെ ഉന്നമനത്തിനായി മുച്ചക്ര വാഹന വിതരണം, മെറിട്ടോറിയസ് സ്കോളര്‍ഷിപ്പ് തുടങ്ങിയവ നടപ്പിലാക്കും. വായനശാലകള്‍, ഗ്രന്ഥശാലകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. തീപിടുത്തം, മുങ്ങിമരണം, വാഹനാപകടം, വെള്ളപ്പൊക്കം തുടങ്ങിയ ആപത്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് യുവജനങ്ങള്‍ക്ക് പരിശീലനം നല്കി ദ്രുത കര്‍മ്മ സേന രൂപീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.അനൂപ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ഷംസീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍ അബ്ദുല്‍ റഷീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരോജ ആര് ബല്ലാള്‍, മെമ്പര്‍മാരായ ഷഫാ ഫാറൂഖ്, മൊയ്തീന് കുഞ്ഞി, ചന്ദ്രാവതി, അനില്‍കുമാര്‍, ബട്ടു ഷെട്ടി, എം ചന്ദ്രാവതി, ഫാത്തിമത്ത് ജൗറ, കെ അശോക, കെവി രാധാകൃഷ്ണ, എംഎല് അശ്വിനി ചര്‍ച്ചയില്‍ പങ്കെടുത്തു.
