ചെന്നൈ: നടന് വിജയ്യുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആദായനികുതി വകുപ്പ്. വിജയ്യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാതാവായ അന്‍പു ചെഴിയന്റെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അലുവാലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതിനിടെ, നടന് വിജയ്യുടെ വസതിയില്‍ നടന്ന ചോദ്യംചെയ്യല്‍ വ്യാഴാഴ്ച രാത്രിയോടെ അവസാനിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിജയ്യുടെ ഭാര്യയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെന്നൈ, മധുര എന്നിവിടങ്ങളിലെ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഇതിനൊപ്പം വിവിധ വസ്തുവകളുടെ രേഖകള്‍, പ്രോമിസറി നോട്ടുകള്‍, ചെക്കുകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. അന്‍പു ചെഴിയന്റെ ഓഫീസുകളില്‍നിന്ന് 65 കോടി രൂപ പിടിച്ചെടുത്തതായി നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഗില്‍ എന്ന സിനിമ 300 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയത് സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച നടന് വിജയ്യുടെ വസതിയിലടക്കം പരിശോധന നടത്തിയത്.