കാസര്‍കോട് : കഴിഞ്ഞ 40 വര്‍ഷമായി കൈവശമുള്ള തെക്കില്‍ വില്ലേജിലെ കോലാംകുന്നിലെ ഭൂമിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടല്‍ മൂലം ലഭിച്ച പട്ടയം ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീടുകളിലെത്തിച്ചു നല്കി. 1984 മുതല്‍ മുതല്‍ തെക്കില്‍ വില്ലേജിലെ കോലംകുന്നിലെ കൈവശക്കാരുടെ പട്ടയ അപേക്ഷ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയായിരുന്നു. മിച്ച ഭൂമിയായതിനാല്‍ പല നിയമ തടസ്സങ്ങളും ഉണ്ടായി. അന്നുമുതല്‍ ഇ. ചന്ദ്രശേഖരന് ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
മുമ്പ് ഇതേ സ്ഥലത്ത് ജന്മി യുടെ ഭൂമിയില്‍ താമസിച്ചിരുന്ന ഒമ്പത് പേര്‍ക്ക് ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടര്‍ന്ന് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം ലഭിച്ചിരുന്നു. പിന്നീട് ഇ. ചന്ദ്രശേഖരന് മന്ത്രി ആയപ്പോള്‍ 2018ലും, 2019ലും കൈവശക്കാരായ 10 പേര് ഒപ്പിട്ട് നിവേദനം നല്കി. ഈ അപേക്ഷയിന്മേല് അടിയന്തിരമായി ഡിജിറ്റല്‍ സര്‍വ്വെ നടത്തി കൈവശക്കാരുടെ ഭൂമി കണ്ടെത്തി പട്ടയം കൊടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. കളക്ടര്‍ ഒരു സ്പെഷ്യല്‍ സര്‍വെ ടീമിനെ ചുമതലപ്പെടുത്തി കൈവശ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ച് നിയമ തടസ്സങ്ങള്‍ പരിഹരിച്ച് പട്ടയം കൊടുക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
