തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അത് തിയേറ്ററില്‍ റിലീസ് ചെയ്യാനെ തയ്യാറാകൂ എന്നും അതിനായി താന്‍ ആന്റണിയെ വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. മെഗാസ്റ്റാര്‍ ചിത്രമായാലും തിയേറ്ററില്‍ ആദ്യം റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
മെഗാസ്റ്റാര്‍ ചിത്രമായാലും, അല്ലാത്തവരുടെ ചിത്രമായാലും തിയേറ്ററില്‍ റിലീസ് ചെയ്യണം. കോവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യമായതിനാലാണ് നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകള് ഉപയോഗിച്ചത്. വിനോദമാര്‍ഗ്ഗം എന്ന നിലയില്‍ സര്‍ക്കാരും ഒ.ടി.ടി. പ്രോത്സാഹിപ്പിച്ചു. സര്‍ക്കാരും ഒടിടി പ്ലാറ്റ്ഫോം തുടങ്ങാന്‍ നടപടി എടുത്തു. എന്നാല്‍ സാഹചര്യം മാറി. റിലീസുകള്‍ ഇനിയും ഒടിടിയില്‍ ആക്കിയാല്‍ സിനിമാ വ്യവസായം തകരും.
നൂറ് കോടി മുടക്കി സിനിമ എടുത്ത ആളാണെങ്കിലും താല്‍ക്കാലിക ലാഭത്തിനായി ഒടിടി റിലീസിലേയ്ക്ക് പോകരുത്. അവര്‍ക്ക് ഇനിയും സിനിമകള്‍ എടുക്കാനുള്ളതാണല്ലോ. ഈ സിനിമയോട് കൂടി നിര്‍മ്മാണം അവസാനിപ്പിക്കില്ലല്ലോ എന്നും സജി ചെറിയാന് ചോദിച്ചു. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന നിലപാട് നിര്‍മ്മാതാക്കള്‍ സ്വീകരിക്കില്ലെന്നും സജി ചെറിയാന് പറഞ്ഞു.
സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം തുടങ്ങും. ഇതില്‍ നിന്ന് പിന്നോട്ട് പോകില്ല. പക്ഷേ ഇത് എല്ലാ മേഖലകളിലെയും കലാകാരെ പ്രോത്സാഹിപ്പിക്കാനാണ്. താരങ്ങള്‍ ഇല്ലാത്ത സിനിമ പലപ്പോഴും തിയേറ്ററുകളില്‍ ഓടില്ല. നല്ല സിനിമയാണെങ്കില്‍ പോലും തിയേറ്റര്‍ കിട്ടിയേക്കില്ല. അത്തരം സിനിമകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം. മൂന്ന് മാസത്തില്‍ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം വരുമെന്നും, ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.