Friday , August 6 2021
Breaking News

മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ്: ചെന്നിത്തലയെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച പുതിയ കെ പി സി സി പ്രസിഡണ്ടായി കെ സുധാകരന്‍ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് ചെന്നിത്തലയെ രാഹുല്‍ വിളിച്ചത്. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഹൈക്കമാന്‍ഡ് അവഗണിച്ചെന്ന പരാതി ഐ, എ ഗ്രൂപ്പുകളില്‍ വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ അകല്‍ച്ച കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.

തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കേന്ദ്ര നേതൃത്വവുമായി ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രതിപക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ സോണിയാഗാന്ധി രമേശിനെ വിളിച്ചത് മാത്രമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നണ്ടായ ഇടപെടല്‍. ഫലം വന്ന ശേഷം രാഹുല്‍ഗാന്ധിയുമായി സംസാരവും ഉണ്ടായില്ല.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേര് ഉമ്മന്‍ചാണ്ടി പിന്തുണച്ചിട്ടും ഹൈക്കമാന്‍ഡ് വി ഡി സതീശനിലേക്ക് തിരിഞ്ഞതാണ് ഗ്രൂപ്പുകളുടെ അതൃപ്തിക്ക് കാരണം. തുടര്‍ന്ന് കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടിയും രമേശും വിട്ടുനിന്നു.

കെ സുധാകരന്റെ നിയമനവും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കപ്പുറമായിരുന്നു. വര്‍ക്കിങ് പ്രസിഡണ്ടുമാരായി ഗ്രൂപ്പുതീരുമാനങ്ങള്‍ക്കീതമായി നിലകൊണ്ടവരെ നിയോഗിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു.

ഹൈക്കമാന്‍ഡിനോട് എതിര്‍പ്പു പ്രകടിപ്പിച്ചുവെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്യ പ്രതികരണത്തിനോ കലഹത്തിനോ തയ്യാറായില്ല. അനുനയത്തിന് മുന്‍കൈയെടുക്കാന്‍ ഹൈക്കമാന്‍ഡിന് ഇതും സഹായമായി.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് പുനസംഘടന ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടായ്മയായ ജി23-ലെ അംഗങ്ങളും രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 22,414 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37: മരണം 108

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് …