Friday , June 18 2021
Breaking News

മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ മഴവെള്ളം ഇനി ഭൂഗര്‍ഭ ജലമാകും

മുളിയാര്‍ : മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ മഴവെള്ളം ഇനി ഭൂഗര്‍ഭ ജലമാകും. ഈ വര്‍ഷം 1500 മീറ്ററോളം മണ്‍ കൈയ്യാലയാണ് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 350 ഓളം മീറ്റര്‍ മണ്‍കൈയ്യാലയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ജൂലൈ അവസാനത്തോടെ ബാക്കിയുള്ളവയുടെ പണി കൂടി പൂര്‍ത്തീകരിക്കും.

മണ്ണ് കൊണ്ട് പറമ്പിന്റെ വരമ്പ് ഉയര്‍ത്തിക്കെട്ടുന്നതിനാണു മണ്‍ കൈയ്യാല എന്ന് പ്രദേശികമായി പറയുന്നത്. മണ്‍ കൈയ്യാലയിലൂടെ ഒഴുകി പോവുന്ന ജലത്തെ തടഞ്ഞ് നിര്‍ത്തി മണ്ണില്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. ഇതുമൂലം വെള്ളം ഒരു തുള്ളി പോലും പാഴാക്കാതെ ഭൂമി കുടിക്കുന്നു. ഇത് ഭൂഗര്‍ഭ ജലലഭ്യത വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.കൂടാതെ കിണറുകളിലും കുളങ്ങളിലും വേനല്‍ കാലത്ത് ജലനിരപ്പ് ഉയരുന്നതിനും വഴിയൊരുക്കുന്നു. എല്ലാവര്‍ഷവും മുളിയാര്‍ പഞ്ചായത്തില്‍ മഴ കൈയ്യാല നിര്‍മ്മിക്കാറുണ്ട്. മഴക്കാലത്തിന് മുന്‍പ് മാര്‍ച്ച് അവസാനത്തോടെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും മണ്‍കൈയ്യാലയുടെ ആവശ്യകതയെ കുറിച്ചും മണ്‍കൈയ്യാല ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും ആളുകളെ ബോധവല്‍ക്കരിക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് മണ്‍കൈയ്യാല നിര്‍മ്മിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1200 മീറ്റര്‍ മണ്‍കൈയ്യാലയാണ് പഞ്ചായത്തില്‍ നിര്‍മ്മിച്ചത്. തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷിയിടകളിലാണ് മണ്‍ കൈയ്യാല ഏറെയും നിര്‍മ്മിക്കുന്നത്. 7080 സെന്റീമീറ്റര്‍ ഉയരം, 50 സെന്റീമീറ്റര്‍ വീതി എന്ന കണക്കിലാണ് മണ്‍കൈയ്യാല നിര്‍മ്മിക്കുക. ശക്തമായ മഴ പെയ്താലും ഇടിഞ്ഞ് പോകാത്ത രീതിയിലാണ് മണ്‍കൈയ്യാലയുടെ നിര്‍മാണം. മണ്‍കൈയ്യാല നിര്‍മ്മാണത്തിലൂടെ മഴവെള്ളത്തെ ഭൂമിയിലേക്ക് തിരിച്ചു വിടാനുള്ള യത്‌നത്തിലാണ് മുളിയാറുകാര്‍.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …