കാസര്‍കോട് : ഇന്ത്യ എന്നത് മഹത്തായ ആശയ സംഹിതകളുടെ ആകെത്തുകയാണെന്ന് തുറമുഖം, പുരാവസ്തു , പുരാരേഖ ,മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു കാസര്‍ഗോഡ് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാന്മാരാണ് ആധുനിക ഇന്ത്യയ്ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കിയത് ശാന്തിയും സമാധാനവും മാനവികഐക്യവും നിലനില്ക്കണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാര്‍ . രാഷ്ട്ര പുരോഗതിയുടെ മുന്നില്‍ സ്വാര്‍ത്ഥത കൈവെടിയണം. ജനാധിപത്യത്തിന്റെ രാജ പാതയിലൂടെ ഉത്കൃഷ്ടമായ വിചാരഗതിയുമായിസഞ്ചരിച്ചാലേ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു
അച്ചടക്കരാഹിത്യത്തില്‍ അഭിരമിച്ചു കൊണ്ട് ഒരു ജനതയ്ക്ക് ബഹുദൂരം മുന്നോട്ടു സഞ്ചരിക്കാന്‍ സാധിക്കില്ല എന്ന് ഡോ.ബി.ആര്. അംബേദ്ക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലപ്രവാഹത്തില്‍ രാഷ്ട്രം വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോള്‍ അതിജീവിക്കാനുള്ള കരുത്ത് പകരുന്നതാണ് നമ്മുടെ ഭരണഘടനയുടെ ജൈവികമായഘടന. പരിമിതികളുടെയും പിഴവുകളുടേയും ഇടയിലും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനും പാരസ്പര്യത്തിന്റെ സംസ്കൃതിയെ ഏത് പ്രതിസന്ധിയിലും ഉയര്‍ത്തി കാട്ടാനും ധൈര്യം ലഭിക്കുന്നത് രാജ്യം കരുതിവെച്ച അടിസ്ഥാന മൂല്യങ്ങളുടെ കരുത്തു കൊണ്ടാണ്.
രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഭരണഘടനയും നിയമ സംഹിതകളും ചലനാത്മകം ആകേണ്ടത് അനിവാര്യമാണ് ഭരണഘടനാഭേദഗതിക്ക് വ്യക്തമായ വ്യവസ്ഥകള്‍ എഴുതിവച്ചിട്ടുണ്ട് 2021 ഒക്ടോബര്‍ വരെ 105 ലേറെ ഭേദഗതികള്‍ കൊണ്ടുവരികയുണ്ടായി നിയമത്തിന്റെ ജഡിലതനീക്കാന് ഫലപ്രദമായ ഒരു ബലതന്ത്രം കണ്ടുപിടിച്ചിരിക്കുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ആധുനികഇന്ത്യയുടെ ഭാഗധേയം കുറിച്ചിട്ട മഹത്തായ പ്രമാണമാണ് ഇന്ത്യന്‍ ഭരണഘടന . മനുഷ്യകുലം കണ്ട ഏറ്റവും ബൃഹത്തും സമഗ്രവുമായ ലിഖിത രേഖയാണ് ഇന്ത്യയുടെ ഭരണഘടന . ബ്രിട്ടീഷുകാരുടെ മേല്ക്കോയ്മയില് നിന്നും പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര ഇന്ത്യയുടെ ഭാഗധേയം ഏത് ദിശയിലൂടെ ആയിരിക്കണം എന്ന ചോദ്യത്തിനുമുന്നില്‍ രാഷ്ട്ര ശില്പികള്ക്ക് സന്ദേഹം ഉണ്ടായിരുന്നില്ല രാഷ്ട്ര വിഭജനത്തിന്റെ കാര്‍മേഘ വൃതമായ അന്തരീക്ഷത്തില്‍ പോലും വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളേയുംഅംഗീകരിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത് .
നമ്മുടെ മുന്‍ തലമുറ കിനാക്കള്പങ്കുവച്ചതും ഇന്ത്യന്‍ ജനതയെ ആ പാന്ഥാവിലൂടെ നടത്തിച്ചതും ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം തന്നെ ഒരു മഹത്തായ രാജ്യത്തിന്റെ , നാഗരികതയുടെ ഔന്നത്യം തേടിയുള്ള പ്രൗഢമായ പ്രയാണത്തിന്റെ ലക്ഷ്യപ്രാപ്തി യാണെന്ന്മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന എ ഡി എം എ കെ രമേന്ദ്രന്‍ എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന് എം പി , എം എല്‍ എ മാരായ എ കെ എം അഷറഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു. എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
ഒരു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷത്തില്‍ ലോക്കല്‍ പോലീസ്. വനിതാ പോലീസ്, സായുധ പോലീസ് എന്നിവയുടെ ഓരോ പ്ലറ്റുണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും കെ എവി നാലാം ബറ്റാലിയന് ബാന്റ് വാദ്യ സംഘവും പങ്കെടുത്തു.ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ നാരായണനായിരുന്നു പരേഡ് കമാന്റര്‍ .
മാര്‍ച്ച് പാസ്റ്റ് കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരുന്നു. കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയതിനാല്‍
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല സാംസ്ക്കാരിക പരിപാടികളും പുരസ്ക്കാര വിതരണവും ഒഴിവാക്കി.
. മെഡിക്കല്‍ സംഘത്തെ സ്റ്റേഡിയത്തില്‍ നിയോഗിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പൊലീസ് സംഘം സുരക്ഷ ഒരുക്കി എ എസ് പി പി ഹരിഛന്ദ്രനായിക് ഉള് പ്പടെ ജില്ലയിലെ ഉന്നത പോലീസുദ്യോഗസ്ഥരും ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.