Saturday , September 25 2021
Breaking News

ലോക്ക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍

കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ് തദ്ദേശ സ്ഥാപനത്തിലും കണ്ടെയ്ന്‍മെന്റ് സോണിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സേണിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 25 ചതുരശ്ര അടി സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്. ഈ സ്ഥാപനങ്ങളിലെല്ലാം ജീവനക്കാരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും ഒരു സമയം അനുവദനീയമായ ആള്‍ക്കാരുടെ എണ്ണവും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. പ്രസ്തുത സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കേണ്ടത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയ പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കുന്നതാണ്. കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ, ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവര്‍ക്കോ മാത്രമേ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കൂ. മുതിര്‍ന്നവരോടൊപ്പമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

വാക്‌സിനേഷന്‍, കൊവിഡ് ടെസ്റ്റ്, മറ്റ് ചികില്‍സകള്‍, മരുന്നുകള്‍ വാങ്ങുന്നതിന്, അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം, പരീക്ഷ, ബസ്/ട്രെയിന്‍/വിമാന യാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള പ്രാദേശിക യാത്ര തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഉള്‍പ്പെടാത്തവര്‍ക്കും യാത്ര അനുവദിക്കുന്നതാണ്.
എല്ലാ പൊതുസ്വകാര്യ വാഹനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഗതാഗതം നടത്താവുന്നതാണ്.

എല്ലാ യൂനിവേഴ്‌സിറ്റി പരീക്ഷകളും കായിക ഇനങ്ങളുടെ സെലക്ഷന്‍ ട്രയലുകളും മല്‍സര പരീക്ഷകളും റിക്രൂട്ട്‌മെന്റ് റാലികളും നടത്താവുന്നതാണ്.

സ്‌കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

ബയോ ബബിള്‍ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ താമസ സൗകര്യം അനുവദനീയമാണ്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല. ഹോട്ടലിനോട് അനുബന്ധിച്ചുള്ള തുറന്ന സ്ഥലങ്ങളിലും പാര്‍ക്കിംഗ് ഏരിയകളില്‍ വാഹനങ്ങളില്‍ ഇരുന്നും ഭക്ഷണം കഴിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ ഡെലിവറികള്‍ക്ക് മാത്രമായി മാളുകള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

പൊതുപരിപാടികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചടങ്ങുകള്‍ എന്നിവ അനുവദനീയമല്ല.

മരണം, വിവാഹം എന്നിവയ്ക്ക് പരമാവധി 20 ആളുകളെ വരെ പങ്കെടുപ്പിക്കാവുന്നതാണ്.

കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് പരമാവധി 40 പേര്‍ക്ക് മാത്രമേ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാവൂ. ഒരാള്‍ക്ക് കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ലഭ്യമായിരിക്കണം. കുറഞ്ഞ വിസ്തീര്‍ണമുള്ള സ്ഥലങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതാണ്.

കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കുന്നതിനായി പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
ആഗസ്റ്റ് 8 ഞായറാഴ്ച്ച ജില്ലയില്‍ എല്ലാ പ്രദേശത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

RANDOM NEWS

റേഷന്‍കട മാറ്റം: ജില്ലാ കളക്ടര്‍ ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ ശനിയാഴ്ച …