കുമ്പള : നേരിട്ട് ഹാജാരാകാതെ നല്കിയ രാജിക്കത്ത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കുമ്പള പഞ്ചായത്തിലെ സി പി എം അംഗം എസ് കൊഗ്ഗു വീണ്ടും രാജിക്കത്ത് സമര്‍പ്പിച്ചു. ചൊവ്വാഴ്ച ഓഫീസില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
രാജിക്കത്ത് മറ്റൊരാളുടെ കൈയില്‍ കൊടുത്തുവിട്ടാണ് കൊഗ്ഗു തിങ്കളാഴ്ച രാജി സമര്‍പ്പിച്ചത്. എന്നാല്‍ പഞ്ചായത്തിരാജ് നിയമപ്രകാരം രാജിക്കത്ത് നേരിട്ട് നല്‍കുകയോ അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി രജിസ്ട്രേഡ് തപാലിലൂടെ അയക്കുകയോ വേണം. ഇതേതുടര്‍ന്നാണ് മറ്റൊരു രാജിക്കത്തുമായി ഓഫീസില്‍ നേരിട്ടെത്തിയത്.
കൊഗ്ഗുവിന്റെ രാജി സ്വീകരിച്ചതായും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്കും നല്‍കിയിട്ടുണ്ടെന്നും കുമ്പള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാജിവെക്കാനുണ്ടായ കാരണം കത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെയാണ് സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ കൊഗ്ഗു കുമ്പള പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷനായത്. ഇതേച്ചൊല്ലി ബി ജെ പിക്കുള്ളില്‍ ഭിന്നത രൂക്ഷമായതോടെയാണ് രാജി.