Saturday , September 25 2021
Breaking News

സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മം; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതുകാര്യത്തിലാണ് പ്രതിപ്ക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മ്മമാണെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പൂര്‍ണ സഹകരണം നല്‍കുന്നുവെന്ന് അവകാശപ്പെട്ട പ്രതിപക്ഷനേതാവ് താഴേത്തട്ടുമുതല്‍ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ ഇപ്പോഴും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ യോജിച്ച പ്രവര്‍ത്തനത്തിലൂടെ കൈവരിക്കുന്ന ആശ്വാസനടപടികളെ മുഴുവന്‍ സര്‍ക്കാരിന്റേതാണ് എന്നുവരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കം സര്‍ക്കാര്‍
ഏജന്‍സികളുടെ സഹായത്തോടെ മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളില്‍ സിപിഎം സ്വീകരിക്കുന്ന സമീപനം സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിനോട് സ്വീകരിച്ചിട്ടില്ല. സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്താവനകളുടെ പകുതിപോലും ഞങ്ങള്‍ നടത്തിയിട്ടില്ല. ഞങ്ങള്‍ എല്ലാ തരത്തിലും സംസ്ഥാന സര്‍ക്കാരുമായി യോജിച്ചു തന്നെയാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നടത്തിയത്. പ്രളയകാലത്തും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രളയഫണ്ട് കൈയിട്ടു വാരിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയായാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രവാസികള്‍ മരിക്കട്ടെ അവിടെക്കിടന്ന് മരിക്കട്ടെ എന്ന നയമാണ് സര്‍ക്കാരിന്. പ്രതിപക്ഷ സംഘടനകളാണ് പ്രവാസികളെ സഹായിച്ചത്. മുഖ്യമന്ത്രി നടത്തിയിട്ടുള്ള പദപ്രയോഗങ്ങളെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ‘ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും നല്ല എംപിമാരില്‍ ഒരാളാണ് എന്‍.കെ.പ്രേമചന്ദ്രന്‍ അദ്ദേഹത്തിന് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ലഭിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രി പരനാറിയെന്നാണ് അദ്ദേഹത്തെ വിളിച്ചാക്ഷേപിച്ചത്. ടി.പി.വധം നടന്ന് അതിന്റെ ചൂടുമാറുംമുമ്പ്
കുലംകുത്തിയെന്ന് വിളിച്ചു. അത് തിരുത്തിയിട്ടില്ല. ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകള്‍ നിരന്തരം ഉപയോഗിക്കുന്നത് കേട്ട് കേരളം ലജ്ജിച്ച് തലതാഴ്ത്തിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി ആ പദങ്ങള്‍ പിന്‍വലിച്ചിട്ടില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ എത്ര മോശമായ പദപ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. അങ്ങയുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ സ്ത്രീകളെ പൂതനയെന്നും പറയാന്‍ സാധിക്കാത്ത വാക്കുകള്‍ ഉപയോഗിച്ചപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ രമ്യഹരിദാസിനെ അധിക്ഷേപിച്ചു. അതിനും മറുപടി പറഞ്ഞില്ല. സ്ത്രീകളെ സംബന്ധിച്ചുള്ള അങ്ങയുടെ മന്ത്രിമാരുടെ പദസമ്പത്തുകള്‍
കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. കായംകുളം എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. വനിതാകമ്മിഷന്‍ ചെയര്‍മാന്‍ പാര്‍ട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശവും അറിഞ്ഞില്ലെന്ന് പറഞ്ഞു.

കേരളത്തില്‍ ജനങ്ങള്‍ അറിയാവുന്ന വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. മുല്ലപ്പളളിയെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ സഖാക്കളെ നിയന്ത്രിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറാവുന്നില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏതെങ്കിലും അവസരം കിട്ടിയാല്‍ അപമാനിക്കുക എന്നുള്ളതാണ് മുഖ്യമ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.