കാസര്‍കോട് : സിപിഎമ്മിന്റെ ജില്ലാ സമ്മേളനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ പൊതുപരിപാടികള്‍ക്കുള്ള നിരോധനം പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി കേരളത്തിലെ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കോവിഡിനെക്കാള്‍ ഭയം സിപിഎമ്മിനെയാണെന്നതിന്റെ തെളിവാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. മഹിളാ മോര്‍ച്ച കാസര്‍ഗോഡ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പ്രളയകാലത്ത് തന്നെ തെളിഞ്ഞതാണ്. സിപിഎമ്മിനേക്കാള്‍ കേരളത്തെ ബാധിച്ച വലിയ വൈറസ് വേറെ ഇല്ലാത്തത് കൊണ്ട് കളക്ടറുടെ നടപടിയില്‍ തെറ്റില്ലെന്നും രവീശ തന്ത്രി പരിഹസിച്ചു. തുടര്‍ന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ മൈക്രോ ഡൊണേഷന്‍ ക്യാംപയിനും അദ്ദേഹം തുടക്കം കുറിച്ചു.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ ഗോപാലന് അദ്ധ്യക്ഷത വഹിച്ചു.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രതി, ദേശീയ നിര്‍വ്വാഹക സമിതിയംഗം അശ്വിനി എംഎല്, ജില്ലാ ജനറല്‍ സെക്രട്ടറി ലളിത കേശവ, ഗീത ബെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.