Friday , August 6 2021
Breaking News

സഹകരണം സംസ്ഥാനവിഷയം, കേന്ദ്രം ഇടപെടേണ്ട സുപ്രീംകോടതി

ന്യൂഡല്‍ഹി : സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രിംകോടതി. അന്ത:സംസ്ഥാന സഹകരണ സംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്തെ സഹകരണ സംഘങ്ങള്‍ എന്നിവയില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മ്മാണം നടത്താനാകുവെന്നും മറ്റുള്ളവ സംസ്ഥാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് 2012 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരെ കേന്ദ്രം നല്‍കിയ അപ്പീലാണ് സുപ്രിംകോടതി തീര്‍പ്പാക്കിയത്. സഹകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിധ പ്രസക്തമാണ്.

സഹകരണം സംസ്ഥാന വിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടന ഭേദഗതിയിലൂടെ കൊണ്ടുവന്ന പാര്‍ട്ട് 9ബി പൂര്‍ണമായും റദ്ദാക്കിയിരുന്നു. എന്നല്‍ ഇതില്‍ അന്തസംസ്ഥാന (മള്‍ട്ടി സ്റ്റേറ്റ്) സഹകരണ സംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. അതായത്, ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടരുത്.

ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ബി ആര്‍ ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. എന്നാല്‍ 97ാം ഭരണ ഘടനാ ഭേദഗതി പൂര്‍ണമായും റദ്ദാക്കണമെന്നും കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളുന്നതായും ജസ്റ്റിസ് കെ എം ജോസഫിന്റെ ഭിന്ന വിധിയില്‍ വ്യക്തമാക്കി.

ഭരണ സമിതിയംഗങ്ങളുടെ എണഅണം അംഗങ്ങള്‍ക്കെതിരായ ശിക്ഷാനടപടി പിരിച്ചുവിടാനുള്ള വ്യവസ്ഥകള്‍, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട പാര്‍ട്ട് 9ബിയില്‍ വരുന്നത്. സഹകരണ സൊസൈറ്റികളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ കടന്നുകയറുന്നതാണോ ഭരണ ഘടനാ ഭേദഗതിയെന്നാണ് സുപ്രിംകോടതി പരിശോധിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് നേരിട്ടോ അല്ലാതെയോ കൈകടത്തുന്നതല്ല ഭേദഗതിയെന്ന് കേന്ദ്രം വാദിച്ചു. സഹകരണ സൊസൈറ്റികള്‍ കൈകാര്യം ചെയ്യാന്‍ രാജ്യമൊട്ടാകെ ഏകീകൃത സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്നും സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിനുള്ള അധികാരം നഷ്ടപ്പെടില്ലെന്നും കേന്ദ്രം വാദിച്ചു.

RANDOM NEWS

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതീവ ജാഗ്രത; പ്രതിരോധ കുത്തിവെപ്പിന് ഊര്‍ജിത നടപടി

കാസര്‍കോട് : ജില്ലയില്‍ രോഗികളുടെ എണ്ണം കൂടിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും 60 വയസ്സ് കഴിഞ്ഞവര്‍, കിടപ്പ് …