എം.ജി ശ്രീകുമാര്‍, കെ.എസ്. ചിത്ര, വിജയ് യേശുദാസ് എന്നിങ്ങനെ മലയാളത്തിന്റെ അഭിമാനമായ ഗായകര്‍ക്കൊപ്പം ഒരുസദസിലിരുന്ന് ഒരു സംഗീത പരിപാടി ആസ്വദിക്കുക എന്നത് സംഗീതപ്രേമികളുടെ വലിയൊരു മോഹമാണ്. ഈ ലോക്ഡൗണ്‍ കാലത്ത് അത്തരമൊരു സാധ്യതയിലേക്ക് ആസ്വാദകരെ ക്ഷണിക്കുകയാണ് മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ സമം. മെയ് 4 മുതല്‍ അറുപതു ദിവസം ഓരോ ഗായകര്‍ വീതം പാട്ടുകളും വര്‍ത്തമാനങ്ങളുമായി പ്രേക്ഷകര്‍ക്കു മുന്പിലെത്തുന്നു. രാത്രി എട്ടു മണിയ്ക്ക് സമത്തിന്റെ ഔദ്ദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലൈവ് പരിപാടി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ഗായകര്‍ക്ക് കൈത്താങ്ങാനാകാനുള്ള ധനശേഖരണത്തിനാണ് വ്യത്യസ്തമായ ഈ പരിപാടി.
