Friday , August 6 2021
Breaking News

8 മിനിറ്റിനിടെ 3 ഗോള്‍, ഇരട്ട ഗോളുമായി റോണോ; ഹംഗറിയുടെ ‘സമനില തെറ്റിച്ച്’ പോര്‍ച്ചുഗല്‍

ബുഡാപെസ്റ്റ് : മത്സരത്തില്‍ 83 മിനിറ്റും നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന്റെ സമനില തെറ്റിച്ച് ഹംഗറിയുടെ കടുകട്ടി പ്രതിരോധം. ഒടുവില്‍ എട്ടു മിനിറ്റിനിടെ മൂന്നു ഗോളടിച്ചുകൂട്ടി ഹംഗറിയുടെ സമനില തെറ്റിച്ച് പോര്‍ച്ചുഗലിന്റെ കടന്നാക്രമണം. തിരിച്ചടിക്ക് നേതൃത്വം നല്‍കി ഇരട്ടഗോളുമായി മുന്നില്‍ നിന്ന് പടനയിച്ച് നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയും. നാടകീയ നിമിഷങ്ങള്‍ കൊണ്ട് സമ്പന്നമായ യൂറോ കപ്പ് മത്സരത്തില്‍ ഹംഗറിയെ വീഴ്ത്തി ‘മരണ ഗ്രൂപ്പാ’യ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷിമായ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഹംഗറിയെ വീഴ്ത്തിയത്. 1964ല്‍സോവിയറ്റ് യൂണിയനുശേഷം യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ 3–0ന് ജയിക്കുന്നത് ഇതാദ്യം.

ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയില്‍ തടിച്ചുകൂടിയ 60, 000ല്‍ അധികം കാണികള്‍ക്കു മുന്നില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളാണ് പോര്‍ച്ചുഗലിന് കരുത്തായത്. 87 (പെനല്‍റ്റി), 90+2 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഒരു ഗോള്‍ പകരക്കാരന്‍ താരം റാഫേല്‍ ഗ്വറെയ്‌റോ (84) നേടി. 83 മിനിറ്റുവരെ ഉറച്ച പ്രതിരോധവുമായി പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്തിയ ഹംഗറിക്ക്, അവസാന മിനിറ്റുകളിലാണ് പിഴച്ചത്. യൂറോ കപ്പില്‍ ഒരു മത്സരത്തിന്റെ അവസാന 10 മിനിറ്റില്‍ മൂന്നു ഗോളടിക്കുന്ന ആദ്യ ടീമാണ് പോര്‍ച്ചുഗല്‍. മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ രണ്ടു ഗോളുകള്‍ക്കിടയിലെ ഇടവേള വെറും 177 സെക്കന്‍ഡുകള്‍ മാത്രം.

മത്സരത്തില്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്റോസ് അവതരിപ്പിച്ച മൂന്ന് സബ്സ്റ്റിറ്റിയൂഷനുകളാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്. ബെര്‍ണാഡോ സില്‍വയ്ക്കു പകരമെത്തിയ റാഫയുടെ ‘ടച്ച്’ പോര്‍ച്ചുഗല്‍ നേടിയ മൂന്നു
ഗോളുകള്‍ക്കുമുണ്ട്. 84–ാം മിനിറ്റില്‍ ഹംഗറി ബോക്‌സിനുള്ളില്‍ ഗോള്‍ ലക്ഷ്യം വച്ച് റാഫയുടെ ഷോട്ട്. ഹംഗറി താരത്തിന്റെ ദേഹത്തു തട്ടി ഗതിമാറിയ പന്ത് റാഫേല്‍ ഗ്വറെയ്‌റോയ്ക്കു മുന്നില്‍. ഗ്വറെയ്‌റോയുടെ ഗോള്‍ശ്രമം ഓര്‍ബാന്റെ കാലില്‍ത്തട്ടി ഗതിമാറി വലയില്‍. സ്‌കോര്‍ 1–0.

ആദ്യ ഗോളിന് മൂന്നു മിനിറ്റ് പ്രായമെത്തുമ്പോഴേയ്ക്കും രണ്ടാം ഗോളിനും വഴിയൊരുങ്ങി. ഇത്തവണയും ഗോളിനു കാരണക്കാരനായത് റാഫ തന്നെ. ഹംഗറി ബോക്‌സിനുള്ളില്‍ ഗോളിനായി ശ്രമിച്ച റാഫയെ ഓര്‍ബന്‍
വീഴ്ത്തിയതിന് പോര്‍ച്ചുഗലിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത റൊണാള്‍ഡോ അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 2–0. ഈ ഗോളോടെ യൂറോ കപ്പ് ഫൈനല്‍ റൗണ്ടില്‍ കൂടുതല്‍ ഗോളുകളെന്ന നേട്ടം റൊണാള്‍ഡോയ്ക്ക്.
മത്സരം തീര്‍ന്നെന്നു കരുതിനില്‍ക്കെ ഇന്‍ജറി ടൈമില്‍ റൊണാള്‍ഡോ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണയും സഹായം റാഫ വക. ഹംഗറി ബോക്‌സിനു സമീപം റാഫയ്ക്ക് പന്തു നല്‍കി ഓടിക്കയറിയ
റൊണാള്‍ഡോയുടെ കാല്‍പ്പാകത്തിന് റാഫ പന്ത് മറിച്ചു. കുതിപ്പിനിടെ പന്ത് കാലില്‍ കൊരുത്ത് ഹംഗറി ഗോള്‍കീപ്പറെ കബളിപ്പിച്ച് റൊണാള്‍ഡോയുടെ അനായാസ ഫിനിഷിങ്. സ്‌കോര്‍ 3–0

RANDOM NEWS

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേയ്ക്ക് മാറ്റി

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കന്‍ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് …